തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഏപ്രിൽ 7 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് അവസാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു (Kerala Election Campaign End Date 2026). സ്വതന്ത്രവും നീതിപൂർവവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പാലിക്കേണ്ട ‘നിശബ്ദ കാലയളവ്’ (Silence Period) സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ അദ്ദേഹം പുറപ്പെടുവിച്ചു.
1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് താഴെ പറയുന്ന കാര്യങ്ങൾക്ക് നിരോധനമുണ്ട്:
പൊതുയോഗങ്ങൾ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകൾ, ഘോഷയാത്രകൾ, സംഗീത പരിപാടികൾ, നാടകങ്ങൾ തുടങ്ങി വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള വിനോദ പരിപാടികൾക്കും നിരോധനമുണ്ട്.
ടെലിവിഷൻ, സിനിമ, റേഡിയോ അല്ലെങ്കിൽ സമാനമായ മറ്റ് ഉപകരണങ്ങൾ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല.
വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി നിർബന്ധമാണ്.
പ്രചാരണ സമയം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും മണ്ഡലം വിട്ടു പോകേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.
Story Summary:
Chief Electoral Officer Dr. Ratan U. Kelkar announced that public campaigning for the Kerala Assembly elections will conclude at 6 PM on Tuesday, April 7. Following this, a 48-hour silence period will be enforced as per Section 126 of the Representation of the People Act, 1951. During this time, public meetings, processions, and election-related broadcasts via TV, radio, or cinema are strictly prohibited. Outsiders who are not voters in the constituency must leave immediately after the campaign ends.

