തിരുവനന്തപുരം: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി (Kerala assembly election 2026 dates). ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഇതുസംബന്ധിച്ച വിജ്ഞാപനം വന്നേക്കും.
മുൻവർഷങ്ങളിലെ പോലെ കേരളത്തിൽ ഒറ്റഘട്ടമായി തന്നെ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. ഞായറാഴ്ചകളിൽ പോലും തിരഞ്ഞെടുപ്പ് ഓഫീസുകൾ പ്രവർത്തിപ്പിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. ദത്തൻ യു. ഖേൽക്കർ നിർദ്ദേശം നൽകിയിട്ടുണ്ട്.ഏപ്രിൽ 14-ലെ വിഷുവും ഏപ്രിൽ 25-ലെ തൃശൂർ പൂരവും കണക്കിലെടുത്ത് ഏപ്രിൽ 17-നോ 18-നോ കേരളത്തിൽ വോട്ടെടുപ്പ് നടന്നേക്കും. ഈസ്റ്റർ, റംസാൻ നോമ്പ് എന്നിവ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.
പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. ബംഗാളിലെ ക്രമസമാധാന പ്രശ്നങ്ങൾ പരിഗണിച്ചു പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ അവിടെയുണ്ടാകും.
കേരളത്തിലെ രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയുടെ സാന്നിധ്യവും അതീവ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താൻ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വരും. വിജ്ഞാപനം വന്ന് 28 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
Story Summary: The Election Commission is expected to announce the dates for the 2026 Assembly elections in five states, including Kerala, this Sunday or Monday. In Kerala, the election is likely to be held in a single phase around April 17 or 18, avoiding major festivals like Vishu and Thrissur Pooram. Special security measures will be implemented in sensitive areas.

