കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ വീണ്ടും മത്സരിപ്പിക്കുന്നതിനെച്ചൊല്ലി കോൺഗ്രസിൽ ആശയക്കുഴപ്പം (Eldhose Kunnappilly Perumbavoor seat). സിറ്റിംഗ് എം.എൽ.എമാർക്കെല്ലാം സീറ്റ് നൽകാൻ സ്ക്രീനിംഗ് കമ്മിറ്റി പ്രാഥമിക ധാരണയിലെത്തിയിരുന്നെങ്കിലും, എൽദോസിനെതിരെ പ്രാദേശിക ഘടകങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
എം.എൽ.എയ്ക്കെതിരെയുള്ള മുൻപത്തെ പീഡനക്കേസുകളും ആരോപണങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ഭയപ്പെടുന്നു. ഇതുസംബന്ധിച്ച ചില പരാതികൾ പാർട്ടി നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്.എൽദോസിനെ മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ പെരുമ്പാവൂർ സീറ്റിനായി എ, ഐ ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം.എൽദോസിനെ മാറ്റി എ ഗ്രൂപ്പിന് സീറ്റ് നൽകുന്നതിനോട് രമേശ് ചെന്നിത്തല കടുത്ത വിയോജിപ്പിലാണ്. എൽദോസിനെ മാറ്റുകയാണെങ്കിൽ ഐ ഗ്രൂപ്പുകാരനായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിനെ പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ പക്ഷം.
തൃപ്പൂണിത്തുറയിലും പാലക്കാട്ടും സിറ്റിംഗ് എം.എൽ.എമാർ മാറുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, പെരുമ്പാവൂരിലും മാറ്റമുണ്ടായാൽ അത് ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ബാധിക്കുമെന്ന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി വിലയിരുത്തുന്നു. എൽദോസിനെതിരായ കേസുകളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം ഡൽഹിയിൽ നടക്കുന്ന അടുത്ത യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
Story Summary:
Confusion prevails within the Congress party regarding Eldhose Kunnappilly’s candidacy in Perumbavoor. While some oppose him due to past allegations, a group feud has erupted between ‘A’ and ‘I’ factions for the seat. Manoj Moothedan is preferred by the ‘A’ group, while Ramesh Chennithala is pushing for Ullas Thomas if Eldhose is replaced.

