ന്യൂഡൽഹി: എറണാകുളം ജില്ലയിലെ നിയമസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് നേതൃത്വം (Deepak Joy Thrippunithura candidate). തൃപ്പൂണിത്തുറയിൽ സിറ്റിംഗ് എം.എൽ.എ കെ. ബാബുവിന് പകരം കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയിയുടെ പേര് നിർദ്ദേശിക്കപ്പെട്ടു. ഇതോടെ മണ്ഡലത്തിനായി രംഗത്തുണ്ടായിരുന്ന എം. ലിജു, അജയ് തറയിൽ എന്നിവരുടെ സാധ്യതകൾ മങ്ങിയതായാണ് സൂചന.
താൻ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ. ബാബു നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. പകരം ആര് എന്ന ചോദ്യത്തിന് തന്റെ വിശ്വസ്തനായ ദീപക് ജോയിയുടെ പേര് അദ്ദേഹം മുന്നോട്ട് വെക്കുകയായിരുന്നു. മുൻപ് വൈപ്പിൻ മണ്ഡലത്തിൽ മത്സരിച്ച പരിചയമുള്ള ദീപക് ജോയ് നിലവിൽ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറാണ്.
കൊച്ചി തിരിച്ചുപിടിക്കാൻ മുഹമ്മദ് ഷിയാസ്:
കഴിഞ്ഞ തവണ കൈവിട്ടുപോയ കൊച്ചി മണ്ഡലം തിരിച്ചുപിടിക്കാൻ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഇറക്കാനാണ് നീക്കം. ഷിയാസിനെ പെരുമ്പാവൂരിലോ കൊച്ചിയിലോ മത്സരിപ്പിക്കണമെന്ന ചർച്ചകൾ ശക്തമാണ്.
വൈപ്പിനിൽ യുവനിര: വൈപ്പിൻ മണ്ഡലത്തിൽ ഷാരോൺ പനക്കലിന്റെ പേരിനാണ് മുൻതൂക്കം. മനു ജേക്കബ്, ടോണി ചിമ്മിണി എന്നിവരും പരിഗണനയിലുണ്ട്.
കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ:
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ വോട്ടിന് പരാജയപ്പെട്ട കുന്നത്തുനാട് മണ്ഡലത്തിൽ മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ തന്നെ വീണ്ടും ജനവിധി തേടും.സ്ക്രീനിംഗ് കമ്മിറ്റി നിലപാട്: എറണാകുളം ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളും സമുദായ സന്തുലിതാവസ്ഥയും പരിഗണിച്ചായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. എൽദോസ് കുന്നപ്പിള്ളിയുടെ പെരുമ്പാവൂർ സീറ്റിലെ കാര്യത്തിൽ വ്യക്തത വന്ന ശേഷമേ ജില്ലയിലെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുകയുള്ളൂ. യുവ പ്രാതിനിധ്യത്തിന് ഊന്നൽ നൽകിക്കൊണ്ട് മികച്ച വിജയസാധ്യതയുള്ളവരെ കണ്ടെത്താനാണ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സമിതി ശ്രമിക്കുന്നത്.
Story Summary:
K. Babu MLA has recommended Kochi Deputy Mayor Deepak Joy as his successor for the Thrippunithura constituency. Meanwhile, Ernakulam DCC President Mohammed Shiyas is being considered for Kochi, and Sharon Panakkal for Vypin. Former MLA V.P. Sajeendran is set to contest again in Kunnathunad.

