സാൻ ഡീഗോ: പശ്ചിമേഷ്യയിൽ ഇറാന്റെ വൻതോതിലുള്ള പ്രത്യാക്രമണം പ്രതീക്ഷിച്ചിരിക്കെ, അമേരിക്കൻ സൈനികരുടെ നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറത്തുവരുന്നത് സ്ട്രിപ്പ് ക്ലബ്ബുകളിൽ നിന്നെന്ന് റിപ്പോർട്ട്. സാൻ ഡീഗോയിലെ പ്രശസ്ത നർത്തകി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.(US Troops Leaking Secrets About Iran War? Stripper’s Video Goes Viral)
സാൻ ഡീഗോയിലെ സൈനിക താവളങ്ങൾക്ക് സമീപമുള്ള ക്ലബ്ബുകളിൽ എത്തുന്ന യുവ സൈനികർ തങ്ങളുടെ വിന്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു എന്നാണ് ചാം ഡേസ് പറയുന്നത്. ക്ലബ്ബിലെത്തുന്ന സൈനികർ അതീവ ദുഃഖിതരാണെന്നും തങ്ങളുടെ കൈവശമുള്ള പണം മുഴുവൻ അവർ അവിടെ ചെലവഴിക്കുകയാണെന്നും അവർ പറയുന്നു.
അടുത്ത ആഴ്ച ഞങ്ങൾ യുദ്ധഭൂമിയിലേക്ക് പോവുകയാണ് എന്ന് പല സൈനികരും വെളിപ്പെടുത്തിയതായി നർത്തകി വീഡിയോയിൽ പറഞ്ഞു. തീരെ പ്രായം കുറഞ്ഞ, ‘കുഞ്ഞു മുഖമുള്ള’ ഈ യുവാക്കൾ യുദ്ധത്തിന് പോകുന്നത് കാണുമ്പോൾ തനിക്ക് സങ്കടം വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ സൈനികർക്കെതിരെ കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്. സൈനിക രഹസ്യങ്ങളും വിന്യാസ തീയതികളും ഇത്തരത്തിൽ പുറത്തുവിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇറാനെതിരെയുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരക്കണക്കിന് അധിക സൈനികരെ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുണ്ട്. മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകളും എലൈറ്റ് 82-ാം എയർബോൺ വിഭാഗവും ഇതിനോടകം തന്നെ മേഖലയിൽ നിലയുറപ്പിച്ചു കഴിഞ്ഞു.
അതേസമയം, യുദ്ധത്തോടുള്ള അമേരിക്കൻ ജനതയുടെ മനോഭാവം അനുകൂലമല്ല. അടുത്തിടെ നടന്ന സർവ്വേ പ്രകാരം മൂന്നിൽ രണ്ട് ഭാഗം അമേരിക്കക്കാരും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

