പട്ന: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനും അമേരിക്കയ്ക്കുമിടയിൽ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നു എന്ന വാർത്തകൾ തള്ളി ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കിം ഇലാഹി. പാകിസ്ഥാൻ വഴി ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ സത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(They don’t have any role, Iran envoy says Pakistan has no role, but India can cooperate in peace efforts)
ആഗോള വിപണിയിലെ എണ്ണവില നിയന്ത്രിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. “അവർക്ക് ഇതിൽ യാതൊരു പങ്കുമില്ല. ഗൗരവകരമായ ചർച്ചകളോ സംവാദങ്ങളോ നടത്തുന്നതിൽ ആർക്കും താല്പര്യമില്ല. ചില രാജ്യങ്ങളെ കരുവാക്കി ചർച്ചകൾ നടക്കുന്നു എന്ന് വരുത്തിത്തീർത്ത് എണ്ണവില പിടിച്ചുനിർത്താൻ മാത്രമാണ് അവർ ശ്രമിക്കുന്നത്,” ഇലാഹി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യക്ക് നിർണ്ണായക പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ഈ യുദ്ധം അവസാനിപ്പിക്കാനും പ്രതിസന്ധികൾ പരിഹരിക്കാനും ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചത് അമേരിക്കയും ഇസ്രായേലുമാണെന്ന് ഇലാഹി ആരോപിച്ചു. ആശുപത്രികൾ, സ്കൂളുകൾ, പാർപ്പിട മേഖലകൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്. “ഈ യുദ്ധം തുടങ്ങിയ രാജ്യങ്ങൾ തന്നെ അത് അവസാനിപ്പിക്കണം. അവർ ആക്രമണം നിർത്തിയാൽ യുദ്ധം അവസാനിക്കും,” അദ്ദേഹം വ്യക്തമാക്കി. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാനാണ് ഇലാഹി പാറ്റ്നയിൽ എത്തിയത്.
ഇറാൻ ഈ യുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്നും ഇത് ഇറാന് മേൽ അടിച്ചേൽപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ യുദ്ധം മൂലം കഷ്ടപ്പെടുകയാണ്. യുദ്ധം ഉടനടി അവസാനിപ്പിക്കാൻ ലോകനേതാക്കൾ ഇടപെടണമെന്നും ആക്രമണത്തിന് തുടക്കമിട്ടവരോട് അത് നിർത്താൻ ആവശ്യപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

