ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുകയും ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലും, പാകിസ്താന്റെ എണ്ണക്കപ്പൽ സുരക്ഷിതമായി യാത്ര പൂർത്തിയാക്കി. അബുദാബിയിലെ ദാസ് ദ്വീപിൽ നിന്ന് എണ്ണ കയറ്റി കറാച്ചിയിലേക്ക് പോയ കപ്പലാണ് തിങ്കളാഴ്ച ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.(Pakistani oil tanker passes safely through Strait of Hormuz)
കപ്പലുകളുടെ സ്ഥാനം മനസ്സിലാക്കാൻ സഹായിക്കുന്ന ഓട്ടമാറ്റിക് ട്രാൻസ്‌പോണ്ടർ സംവിധാനം ഓഫ് ചെയ്യാതെയാണ് പാക് കപ്പൽ യാത്ര ചെയ്തതെന്നാണ് വിവരം. സാധാരണയായി ആക്രമണ ഭീഷണിയുള്ളപ്പോൾ കപ്പലുകൾ തിരിച്ചറിയപ്പെടാതിരിക്കാൻ ഈ സംവിധാനം ഓഫാക്കാറുണ്ട്. എന്നാൽ, ഇത് ഓണാക്കിത്തന്നെ യാത്ര ചെയ്തത് പാകിസ്താനും ഇറാനും തമ്മിലുള്ള ധാരണയുടെ ഭാഗമാകാമെന്ന് നിരീക്ഷകർ കരുതുന്നു.
യുഎസിന്റെയും ഇസ്രയേലിന്റെയും അല്ലാത്ത കപ്പലുകളെ ആക്രമിക്കില്ലെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ച നടത്തി സുരക്ഷിതയാത്ര ഉറപ്പാക്കുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്.

