വാഷിങ്ടൺ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെങ്കിലും, ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.(Just for fun, Trump on Kharg Island attack)
ഖാർഗ് ദ്വീപിനെ പലതവണ ലക്ഷ്യം വെക്കാമെന്ന ട്രംപിന്റെ പരാമർശം നയതന്ത്ര ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിബന്ധനകൾ യുഎസിന് സ്വീകാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണ് ഖാർഗിൽ നടന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ദ്വീപിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളെല്ലാം യുഎസ് സെൻട്രൽ കമാൻഡ് തകർത്തു. നിലവിൽ എണ്ണ കയറ്റുമതി കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കാതെ നിയന്ത്രണം പാലിച്ചിട്ടുണ്ടെങ്കിലും, ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയാൽ ഈ നിലപാട് മാറ്റുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

