ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷം അഞ്ച് ആഴ്ച പിന്നിടുമ്പോൾ ആക്രമണം കടുപ്പിച്ച് ഇറാൻ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമായ ‘മജീദ്’ (Majid) ആണ് അമേരിക്കൻ കരുത്തിന് ഭീഷണിയാകുന്നത്.(Iran’s ‘Majid’ air defense system to shoot down American planes)
അമേരിക്കയുടെ അത്യാധുനിക ഡ്രോണുകളെയും വിമാനങ്ങളെയും തകർക്കാൻ ഇറാനെ സഹായിക്കുന്നത് മജീദ് മിസൈൽ സംവിധാനത്തിന്റെ പ്രത്യേകതകളാണ്. റഡാർ സിഗ്നലുകൾക്ക് പകരം വിമാനങ്ങളിൽ നിന്നുള്ള ചൂട് തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തുന്ന രീതിയാണിത്. ഇതിനാൽ വിമാനങ്ങളിലെ വാണിങ് റിസീവറുകൾക്ക് മിസൈൽ വരുന്നത് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കില്ല.
എട്ട് കിലോമീറ്റർ ദൂരപരിധിയും ആറ് കിലോമീറ്റർ ഉയരപരിധിയുമുള്ള ഈ സംവിധാനം താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും എംക്യു-9 പോലുള്ള ഡ്രോണുകളെയും തകർക്കാൻ അത്യന്തം കാര്യക്ഷമമാണ്. മിസൈൽ തൊടുത്തുവിട്ട ഉടൻതന്നെ സ്ഥലം മാറാൻ കഴിയുന്ന മൊബൈൽ ലോഞ്ചറുകളാണ് ഇറാൻ ഉപയോഗിക്കുന്നത്. ഇത് അമേരിക്കൻ പ്രത്യാക്രമണങ്ങളിൽ നിന്ന് രക്ഷപെടാൻ ഇറാൻ സേനയെ സഹായിക്കുന്നു. മേഖലയിൽ അമേരിക്കയ്ക്ക് പൂർണ്ണ വ്യോമ ആധിപത്യമുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഈ തിരിച്ചടി.
ഇറാൻ അതിർത്തിയിൽ തകർക്കപ്പെട്ട എഫ്-15ഇ വിമാനത്തിലെ പൈലറ്റിനായി ഇറാൻ റെവല്യൂഷണറി ഗാർഡ് തിരച്ചിൽ ഊർജിതമാക്കി. പൈലറ്റിനെ പിടികൂടുന്നവർക്ക് പ്രാദേശിക ഭരണകൂടം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. റഡാറുകളെ വെട്ടിച്ച് ഒളിത്താവളങ്ങളിൽ നിന്നും ടണലുകളിൽ നിന്നും ആക്രമണം നടത്തുന്ന രീതിയാണ് ഇറാൻ പിന്തുടരുന്നത്. ഇത് എഫ്-35 പോലുള്ള സ്റ്റെൽത്ത് വിമാനങ്ങൾക്ക് പോലും വലിയ ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

