ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, പ്രതിരോധത്തിനായി ആണവായുധം നിർമ്മിക്കണമെന്ന വാദവുമായി ഇറാനിലെ തീവ്ര നിലപാടുകാർ രംഗത്ത്. ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള സൈനിക ഭീഷണി നേരിടാൻ നിലവിലെ ആണവനയം തിരുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.(Iran’s hardliners demand nuclear weapons, a change in policy)
ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി പുറപ്പെടുവിച്ച ‘ആണവായുധം നിഷിദ്ധമാണ്’ എന്ന മതനിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന വാദമാണ് ഉയരുന്നത്. ആണവായുധ വ്യാപന നിരോധന കരാറിൽ നിന്ന് ഇറാൻ പിന്മാറണമെന്നും സ്വന്തം സുരക്ഷയ്ക്കായി ആയുധം നിർമ്മിക്കണമെന്നും തീവ്ര നിലപാടുകാർ ആവശ്യപ്പെടുന്നു.
അലി ഖമേനിയുടെ മരണശേഷം പ്രതിരോധ നിയന്ത്രണം ഏറ്റെടുത്ത ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡിനുള്ളിലും ആണവായുധം കൈവശപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ശത്രുക്കൾക്ക് ശക്തമായ മറുപടി നൽകാൻ ഇത് മാത്രമാണ് പോംവഴിയെന്ന് ഇവർ വിശ്വസിക്കുന്നു. ആണവനയത്തിൽ ഔദ്യോഗികമായി മാറ്റം വരുത്തിയതായി ഇറാൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

