ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിന് വിരാമമിടാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇറാൻ. സുരക്ഷാ കാര്യങ്ങളിൽ കൃത്യമായ ഉറപ്പ് ലഭിച്ചാൽ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇറാന്റെ നയം വ്യക്തമാക്കിയത്.(Iran says it is ready to end the war, Trump says goal achieved)
സമാധാന ചർച്ചകൾക്ക് വഴിതുറക്കുമ്പോഴും രാജ്യത്തിന്റെ പ്രതിരോധം ശക്തമാണെന്ന് തെളിയിക്കുന്ന നീക്കങ്ങളും ഇറാന്റെ ഭാഗത്തുനിന്നുണ്ടായി. രാജ്യത്തിന്റെ പരമാധികാരത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത ഉറപ്പുകൾ വേണമെന്നാണ് പെസെഷ്കിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സമാധാന ചർച്ചകൾക്കിടെ തന്നെ, തങ്ങളുടെ കരുത്തുറ്റ ഭൂഗർഭ മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകാനും ഇറാൻ മറന്നില്ല.
ഇറാനുമായുള്ള യുദ്ധം രണ്ടാഴ്ചയ്ക്കുള്ളിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. അമേരിക്ക തങ്ങളുടെ സൈനിക ലക്ഷ്യങ്ങൾ കൈവരിച്ചതായും സമാധാന കരാറിനായി ഇറാൻ സമ്മർദ്ദത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറയുമെന്നും ഇത് ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

