ടെഹ്റാൻ: ഇറാനിലെ തന്ത്രപ്രധാനമായ പാലം തകർത്ത അമേരിക്കൻ-ഇസ്രായേൽ നീക്കത്തിന് പിന്നാലെ കടുത്ത തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് പ്രമുഖ പാലങ്ങളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു. ഈ പാലങ്ങൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.(Iran prepares for retaliation, Warning that eight major bridges in the Gulf are being targeted)
ഇറാനിലെ കരാജിന് സമീപമുള്ള ബി-1 പാലം അമേരിക്കൻ വ്യോമാക്രമണത്തിൽ തകർന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. അൽബോർസ് പ്രവിശ്യയിൽ ടെഹ്റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന ഈ കൂറ്റൻ പാലത്തിന് നേരെ ഒരു മണിക്കൂറിനിടെ രണ്ട് തവണയാണ് മിസൈൽ ആക്രമണമുണ്ടായത്. പാലത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണു.
ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. പ്രാദേശിക നിവാസികളും യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു. പരിക്കേറ്റ 95 പേരിൽ പലരുടെയും നില ഗുരുതരമാണ്. മധ്യപൂർവേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നായ ബി-1 അടുത്തിടെയാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. നിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി ബാക്കി നിൽക്കെയാണ് അമേരിക്കൻ ബോംബറുകൾ ഈ പാലം തകർത്തത്. പ്രകൃതിദിന ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഒത്തുചേർന്ന കുടുംബങ്ങളാണ് ആക്രമണത്തിന് ഇരയായവരിലധികവും. തങ്ങളുടെ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ, ഗൾഫ് മേഖലയിലെ സമാനമായ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ഇത് മേഖലയിലെ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.

