മുംബൈ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മകൾ നിഷ കൗർ വെബർ വെറുമൊരു താരപുത്രിയല്ല, പത്താം വയസ്സിൽ സ്വന്തം അധ്വാനത്തിലൂടെ വരുമാനം കണ്ടെത്തുന്ന ഒരു കുട്ടി സംരംഭക കൂടിയാണ് (Sunny Leone Daughter Nisha). നിഷയുടെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ചും അതിന് ലഭിച്ച പേറ്റന്റിനെക്കുറിച്ചും അഭിമാനത്തോടെ സംസാരിക്കുകയാണ് താരം. പ്രശസ്ത സംവിധായിക ഫറ ഖാൻ അവതരിപ്പിക്കുന്ന ‘ഫൺ വിത്ത് ഫറ’ എന്ന പരിപാടിയിലാണ് സണ്ണി മകളുടെ ഈ വലിയ നേട്ടം വെളിപ്പെടുത്തിയത്.
എന്താണ് ‘ബൂ ബോക്സ്’ (Boo Box)?
വീടിനുള്ളിലെ വൃത്തിയും അലർജി പ്രശ്നങ്ങളും പരിഹരിക്കാൻ നിഷ കണ്ടെത്തിയ ഒരു പോംവഴിയാണ് ‘ബൂ ബോക്സ്’. ഉപയോഗിച്ച ടിഷ്യൂ പേപ്പർ നിക്ഷേപിക്കാൻ ചെറിയൊരു വേസ്റ്റ് ബിൻ കൂടി ഉൾപ്പെടുത്തിയ ‘ടു-ഇൻ-വൺ’ ടിഷ്യൂ ഹോൾഡറാണിത്.
മുംബൈയിലെ പൊടിപടലങ്ങൾ കാരണം നിഷയ്ക്ക് സ്ഥിരമായി അലർജി പ്രശ്നങ്ങളുണ്ട്. ഉപയോഗിച്ച ടിഷ്യൂകൾ വലിച്ചെറിയാതെ കൃത്യമായി മാറ്റാൻ സണ്ണി എപ്പോഴും നിർദ്ദേശിക്കാറുണ്ട്. ഒരു ദിവസം ടിഷ്യൂ ബോക്സിന് വശത്ത് ഒരു ഡിസ്പോസിബിൾ കപ്പ് ടേപ്പ് വെച്ച് ഒട്ടിച്ച് നിഷ ഒരു പരീക്ഷണം നടത്തി. ഉപയോഗിച്ച പേപ്പർ അപ്പോൾ തന്നെ അതിലിടാം എന്നതായിരുന്നു സൗകര്യം. ഈ ആശയമാണ് പിന്നീട് പേറ്റന്റുള്ള ഒരു ഉൽപ്പന്നമായി മാറിയത്.
“അവൾ വളരെ ബുദ്ധിമതിയാണ്. തുടക്കം മുതൽ ഒടുക്കം വരെ നിഷ തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇപ്പോൾ ഇതിലൂടെ അവൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നുണ്ട്,” സണ്ണി ലിയോണി പറഞ്ഞു.
നിഷയുടെ നേട്ടം കേട്ട്, “എന്റെ മക്കൾക്ക് ഇപ്പോൾ തന്നെ പോയി രണ്ട് അടി കൊടുക്കണം” എന്നായിരുന്നു ഫറ ഖാന്റെ തമാശരൂപേണയുള്ള പ്രതികരണം. ചേച്ചിയുടെ വരുമാനം കണ്ട് ആൺമക്കൾക്ക് ഇപ്പോൾ അസൂയയാണെന്നും സണ്ണി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. 2017-ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും നിഷയെ ദത്തെടുത്തത്.
Story Summary:
Bollywood actress Sunny Leone revealed that her 10-year-old daughter Nisha Kaur Weber has become a young entrepreneur with a patented invention called ‘Boo Box’. It is a 2-in-1 tissue holder featuring a built-in waste bin for used tissues. Nisha developed this idea to maintain cleanliness and tackle her allergy issues. Sunny shared this proud moment on Farah Khan’s show, noting that Nisha has already started earning a steady income from her innovation.

