കൊച്ചി: മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് എപ്പിക് ഫാൻ്റസി ചിത്രങ്ങളിലൊന്നായ ‘ആട് 3 പാർട്ട് 1’ നിശ്ചയിച്ച തീയതിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും അറിയിച്ചു (Aadu 3 Part 1 release date). ഗൾഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യം പരിഗണിച്ച് സിനിമയുടെ റിലീസ് നീട്ടിവെച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടയിലാണ് ഈ ഔദ്യോഗിക സ്ഥിരീകരണം.
2026 മാർച്ച് 19 ന് ഈദ് റിലീസായാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ വമ്പൻ ചിത്രം നിർമ്മിക്കുന്നത്. 2018, മാളികപ്പുറം തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനി ആട് ഫ്രാഞ്ചൈസിയിലേക്ക് എത്തിയത് വലിയ പ്രതീക്ഷ നൽകുന്നു. നിലവിലെ ആഗോള സാഹചര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും, വെല്ലുവിളികൾക്കിടയിലും മലയാള സിനിമയ്ക്ക് കരുത്ത് പകരാൻ പറഞ്ഞ തീയതിയിൽ തന്നെ ചിത്രം പുറത്തിറക്കുമെന്നും വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും വ്യക്തമാക്കി.
ആദ്യ രണ്ട് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഫാന്റസിയും കോമഡിയും ചേർത്താണ് ഇത്തവണ ഷാജി പാപ്പനും സംഘവും വരുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ജയസൂര്യക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, ധർമജൻ, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
‘വൺ ലാസ്റ്റ് റൈഡ്’ എന്ന ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിന് ഇനി ഒരു ഭാഗം കൂടി ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. ഷാൻ റഹ്മാൻ സംഗീതവും ഡോൺ വിൻസെന്റ് പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നായിരിക്കുമെന്നാണ് സൂചന. വിഎഫ്എക്സ് (VFX) വിസ്മയങ്ങൾക്കും ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.
Story Summary: Producers Vijay Babu and Venu Kunnappilly confirmed that the big-budget Malayalam movie “Aadu 3 Part 1: One Last Ride,” directed by Midhun Manuel Thomas, will be released on March 19, 2026, as planned. Despite rumors of postponement due to the conflict in the Middle East, the team decided to stick to the original schedule for the Eid release.

