കഴക്കൂട്ടം: ചികിത്സാപ്പിഴവിനെത്തുടർന്ന് കഴക്കൂട്ടം സി.എസ്.ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു (Medical negligence case Kazhakoottam CSI Hospital). ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ തുണി കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ പരാതിയിലാണ് നടപടി.
2025 ഡിസംബർ 3-നാണ് അപ്പന്റിസൈറ്റിസ് (Appendicitis) പഴുത്തു പൊട്ടിയതിനെ തുടർന്ന് ഷീബ ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അന്ന് തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷം ഷീബയ്ക്ക് കഠിനമായ വയറുവേദനയും മുറിവിൽ പഴുപ്പും അനുഭവപ്പെട്ടു. ആരോഗ്യനില മോശമായതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വയറിനുള്ളിൽ തുണി കുടുങ്ങിയതായി കണ്ടെത്തിയത്.
ഇതേ ആശുപത്രിയിൽ തന്നെ പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുടുങ്ങിക്കിടന്ന തുണി പുറത്തെടുത്തത്.
നിയമനടപടി തനിക്കുണ്ടായ കഠിനമായ ശാരീരിക-മാനസിക വിഷമങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഷീബയുടെ കുടുംബം പൊലീസിലും മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു.
Story Summary:
Kazhakoottam Police registered a medical negligence case against CSI Mission Hospital after a surgical sponge was left inside a patient’s abdomen. Sheeba Pramod, a resident of Menamkulam, underwent emergency appendicitis surgery on December 3, 2025. Following severe pain and infection, a second surgery revealed the foreign object. The victim’s family has filed complaints with the Police, Chief Minister, and Health Minister seeking justice for the physical and mental trauma.

