കൊല്ലം: അഞ്ചലിൽ ഭാര്യയെ മോഷണക്കേസിൽ റിമാൻഡ് ചെയ്തതിൽ മനോവിഷമം അനുഭവിച്ചിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു (Anchal News). ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖാണ് വീടിനുള്ളിൽ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചലിൽ നിന്ന് കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യ ബസ്സിൽ വെച്ച് അഞ്ച് വയസ്സുകാരിയുടെ മുക്കാൽ പവന്റെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ചതിനായിരുന്നു അറസ്റ്റ്. സബീന മുൻപും സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വർഷം പനയഞ്ചേരി ക്ഷേത്ര ഉത്സവത്തിനിടെ കുട്ടിയുടെ മാല മോഷ്ടിച്ചതിന് നാട്ടുകാർ സബീനയെ പിടികൂടിയിരുന്നു. എന്നാൽ അന്ന് പരാതി ഇല്ലാത്തതിനാൽ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
ഭാര്യ റിമാൻഡിലായതോടെ റഫീഖ് കടുത്ത മനോവിഷമത്തിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ തീ കൊളുത്തിയത്. തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും റഫീഖിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
50 ശതമാനത്തിലേറെ പൊള്ളലേറ്റ റഫീഖിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാൾ മുൻപും ആത്മഹത്യാശ്രമങ്ങൾ നടത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
Story Summary:
A youth named Rafeeq from Anchal, Kollam, attempted suicide by self-immolation after his wife, Sabina, was remanded in a gold theft case. Rafeeq, who suffered over 50% burns, is currently undergoing treatment at Trivandrum Medical College.

