ചടയമംഗലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ഡോറിന് സമീപത്തുനിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു (Student falls from private bus chadayamangalam). നിലമേൽ എൻ.എസ്.എസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയും പോരേടം കൃഷ്ണവിലാസത്തിൽ ദേവികയ്ക്കാണ് (21) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8:45-ഓടെയായിരുന്നു ചടയമംഗലം ചന്തമുക്കിന് സമീപം നാടിനെ നടുക്കിയ അപകടം നടന്നത്.
കോളേജിലേക്കും പുനലൂർ ഭാഗത്തേക്കും പോകാനായി പോരേടം ജംഗ്ഷനിൽ നിന്നാണ് ദേവിക സ്വകാര്യ ബസിൽ കയറിയത്. ബസിൽ ഈ സമയം കടുത്ത തിരക്കുണ്ടായിരുന്നു. തുടർന്ന് ചന്തമുക്കിൽ നിർത്തി കൂടുതൽ യാത്രക്കാരെ കയറ്റിയ ശേഷം ഡ്രൈവർ ബസ് അമിതവേഗത്തിൽ മുന്നോട്ട് എടുത്തു. ഈ സമയം കൃത്യമായി ഡോർ അടയ്ക്കാതിരുന്നതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ദേവിക ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
വിദ്യാർത്ഥിനി റോഡിലേക്ക് വീഴുന്നത് കണ്ട് ബസിലെ മറ്റ് യാത്രക്കാരും നാട്ടുകാരും ഉച്ചത്തിൽ വിളിച്ചു കൂവിയെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ തയ്യാറായില്ല. കടുത്ത അനാസ്ഥ കാണിച്ച് കുറച്ചുദൂരം മുന്നോട്ട് പോയശേഷമാണ് ബസ് നിർത്തിയത്. അപകടം നടക്കുന്ന സമയത്ത് ബസിന്റെ തൊട്ടുപിന്നിൽ മറ്റ് വലിയ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് റോഡിൽ വീണ വിദ്യാർത്ഥിനി വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. റോഡിൽ വീണ് പരിക്കേറ്റ ദേവികയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് ചടയമംഗലം പോലീസും ചടയമംഗലം ജോയിന്റ് ആർ.ടി.ഒ പ്രവീണും സംഭവസ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ച ബസ് ഡ്രൈവർക്കെതിരെയും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഡോർ ശരിയാംവണ്ണം അടച്ചു എന്ന് ബോധ്യപ്പെടാത്ത കണ്ടക്ടർക്കെതിരെയും ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. ബസ് കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും പോലീസും ആരംഭിച്ചിട്ടുണ്ട്.
Story Summary: Devika, a final-year degree student at Nilamel NSS College, was injured after falling off a speeding private bus near Chadayamangalam. The accident occurred on Tuesday morning due to an open footboard door, and the driver failed to stop immediately despite public alarms. The Joint RTO announced strict action, including license cancellation, against both the driver and conductor.


