തിരുവനന്തപുരം: വരാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി, ഡൽഹിയിൽ കേരളത്തിന്റെ ‘യഥാർത്ഥ അംബാസിഡർമാരായി’ എല്ലാ എംപിമാരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒരൊറ്റ ടീമായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ (VD Satheesan MPs Conference). സംസ്ഥാനത്തിന്റെ അതിപ്രധാനമായ ആവശ്യങ്ങളും വികസന പദ്ധതികളും ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ വിളിച്ചുചേർത്ത ലോക്സഭാ-രാജ്യസഭാ എംപിമാരുടെ പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ എംപിമാരുടെ ഔദ്യോഗിക യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കുന്നത്.
പാർലമെന്റിനകത്തും പുറത്തും കേന്ദ്രമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരുമിച്ചും ഒറ്റയ്ക്കും ആശയവിനിമയം നടത്തി, അതത് നിയോജകമണ്ഡലങ്ങളിലെ പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം കേരളത്തിന്റെ പൊതുവായ അതിജീവന താല്പര്യങ്ങൾ കൂടി ശക്തമായി ഉയർത്തിപ്പിടിച്ച് കാര്യങ്ങൾ നേടിയെടുക്കാൻ എംപിമാർ പരമാവധി ശ്രമിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർത്ഥിച്ചു.
വഴിത്തിരിവിൽ കേരളം; വയോജനങ്ങൾക്ക് രാജ്യത്തെ ആദ്യ പ്രത്യേക വകുപ്പ്
കേരളം ഇപ്പോൾ സാമൂഹികമായും സാമ്പത്തികമായും വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഇപ്പോൾ വലിയ തരത്തിലുള്ള ജനസംഖ്യാപരമായ (Demographic) മാറ്റങ്ങളാണ് സംഭവിക്കുന്നത്. വിദേശ കുടിയേറ്റം മൂലവും മറ്റും യുവജനങ്ങളുടെ എണ്ണം ക്രമേണ കുറയുകയും, ഉയർന്ന ആയുർദൈർഘ്യം കാരണം പ്രായമേറിയവരുടെ സംഖ്യ വൻതോതിൽ വർദ്ധിച്ചുവരികയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെയും ഭാവി പദ്ധതികളെയും നേരിട്ട് ബാധിക്കുന്ന ഈ വിഷയം മുൻനിർത്തിയാണ് ഇന്ത്യയിലാദ്യമായി മുതിർന്ന പൗരന്മാർക്ക് വേണ്ടി ഒരു പ്രത്യേക വകുപ്പ് (Department for Senior Citizens) പുതിയ സർക്കാർ രൂപീകരിച്ചത്. ഇതൊരു വെറും ക്ഷേമ പദ്ധതി മാത്രമല്ലെന്നും, മുതിർന്ന പൗരന്മാരെ വീടിനകത്ത് ഒതുക്കാതെ അവരുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിൽ സജീവമായി ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസ്ഥാനത്തിന്റെ ഭാവി മാറ്റിക്കുറിക്കുന്ന രണ്ട് വലിയ സ്വപ്ന പദ്ധതികൾ മുഖ്യമന്ത്രി എംപിമാർക്ക് മുന്നിൽ അവതരിപ്പിച്ചു:
തുറമുഖ നഗര ശൃംഖല: വിഴിഞ്ഞം, വല്ലർപാടം എന്നീ രണ്ട് രാജ്യാന്തര തുറമുഖങ്ങളും, ഒരു അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലും, 17 മിനി തുറമുഖങ്ങളും, 600 കിലോമീറ്ററോളം വരുന്ന വിപുലമായ കടൽത്തീരവുമുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി മുഴുവൻ സംസ്ഥാനത്തെയും ഒരു വലിയ തുറമുഖ നഗരമാക്കി (Port State) മാറ്റും.
ഏവിയേഷൻ ഹബ്: സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് 27 ഓളം വൻകിട ഏവിയേഷൻ പ്രോജക്ടുകൾ (Aviation Projects) സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്ക് വൻതോതിൽ സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരാൻ എംപിമാർ മുൻകൈ എടുക്കണം.
കടുത്ത സാമ്പത്തിക പ്രതിസന്ധി; കേന്ദ്രത്തിൽ നിന്ന് അവകാശപ്പെട്ടത് വാങ്ങണം
സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ നിലവിൽ വലിയ കടബാധ്യത നേരിടുകയാണെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞു. ഖജനാവ് നിറഞ്ഞാൽ മാത്രമേ വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പെൻഷനുകളും ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. കേരളത്തിൽ നിന്നുള്ള ജിഎസ്ടിയുടെ 50 ശതമാനവും ഇൻകം ടാക്സ് മുഴുവനും കേന്ദ്രത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് അവകാശപ്പെട്ട കൃത്യമായ വിഹിതവും ഗ്രാൻഡുകളും വാങ്ങിച്ചെടുക്കാനുള്ള സമ്മർദ്ദം ഡൽഹിയിൽ ഉണ്ടാകണം. പല കേന്ദ്ര ഗ്രാൻഡുകളും വെട്ടിക്കുറച്ചതോടെ പുതിയ സർക്കാർ വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
ദേശീയപാതാ നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 5,000 കോടിയിലധികം രൂപ സ്വന്തം ഫണ്ടിൽ നിന്ന് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിന്റെ പോർട്ട് കണക്ടിവിറ്റിക്കായി മാത്രം 3,000 കോടിയിലധികം രൂപ സംസ്ഥാനം നൽകേണ്ടി വരും. കേന്ദ്രത്തിലേക്ക് തിരിച്ചുപോയ ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അവർ അത് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് പ്രായോഗിക തലത്തിൽ ഉത്തരവാക്കി മാറ്റാൻ എംപിമാർ ഇടപെടണം.
എംപിമാരെ സഹായിക്കുന്നതിനായി കേന്ദ്ര പ്രോജക്ടുകളുടെ നിലവിലെ പൊസിഷൻ, ഭൂമി ഏറ്റെടുക്കൽ വിവരങ്ങൾ എന്നിവ തത്സമയം ട്രാക്ക് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ‘ഡാഷ് ബോർഡ്’ സംവിധാനം ഒരുക്കും. കൂടാതെ കേന്ദ്ര സ്കീമുകൾ ഏകോപിപ്പിക്കാൻ ഒരു പ്രത്യേക നോഡൽ ഓഫീസറെ കൂടി അഡീഷണലായി നിയമിക്കുമെന്നും എല്ലാവരും ഒന്നിച്ച് നിന്ന് കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Summary: Chief Minister V.D. Satheesan urged all MPs from Kerala to act as the state’s “true ambassadors” in New Delhi and work as one team ahead of the Parliament’s monsoon session. Addressing an official MPs’ conference at the Mascot Hotel in Thiruvananthapuram—the first such meeting called by the newly formed government—the CM presented a roadmap to transform Kerala into an Integrated Maritime Aviation Gateway. Highlighting the state’s severe financial crisis, he urged MPs to press the Centre to exclude the ₹8,000 crore spent by the state on NH development and outer ring road projects from its borrowing limit. The CM also introduced the newly formed first-of-its-kind department for senior citizens to tackle demographic shifts and announced a specialized dashboard and nodal officer system in the CMO to help MPs track central schemes efficiently.

