HomeKeralaയുവാവിന്റെ കണ്ണിൽ എസ്ഐ പെപ്പർ സ്പ്രേ അടിച്ച സംഭവം: 50,000 രൂപ...

യുവാവിന്റെ കണ്ണിൽ എസ്ഐ പെപ്പർ സ്പ്രേ അടിച്ച സംഭവം: 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ | Chirayinkeezhu Police Station Pepper Spray Case

തിരുവനന്തപുരം: യുവാവിന്റെ കണ്ണിൽ പോലീസ് സ്റ്റേഷനിൽ വെച്ച് എസ്ഐ പെപ്പർ സ്പ്രേ (Chirayinkeezhu Police Station Pepper Spray Case) അടിച്ച സംഭവത്തിൽ ഇരയായ ചിറയിൻകീഴ് കുറക്കട സ്വദേശി ശ്രീനാഥിന് 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് സർക്കാർ നഷ്ടപരിഹാരത്തുക അനുവദിച്ചിരിക്കുന്നത്. 2023 ഒക്ടോബർ 9-ന് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് വിവാദമായ സംഭവം നടന്നത്.

വിവാഹമോചന കേസ് കോടതിയിൽ നടക്കുന്നതിനിടയിൽ ഭാര്യയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമയച്ചുവെന്ന പരാതിയിലാണ് ശ്രീനാഥിനെ ചോദ്യം ചെയ്യാനായി ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. അവിടെ വെച്ച് എസ്ഐയുമായുള്ള സംഭാഷണത്തിനിടെ പ്രകോപിതനായ ഉദ്യോഗസ്ഥൻ, ശ്രീനാഥിന്റെ മുഖത്തേക്ക് കണ്ണുകൾക്ക് കടുത്ത നീറ്റലുണ്ടാക്കുന്ന വിധത്തിലുള്ള ദ്രാവകം പെപ്പർ സ്പ്രേ വഴി അടിച്ചുവെന്നാണ് പരാതി. ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ, യുവാവിന്റെ മുഖത്തേക്ക് ദ്രാവകം സ്പ്രേ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ താൻ മർദ്ദിച്ചിട്ടില്ലെന്ന് എസ്ഐ വാദിച്ചു. തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗത്തിലെ പൊലീസ് സൂപ്രണ്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ, ശ്രീനാഥ് എസ്ഐയുടെ മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് ഇറങ്ങുന്നതും വാഷ് ബേസിൻ എവിടെയാണെന്ന് തിരക്കുന്നതും സാക്ഷികൾ കണ്ടതായി കണ്ടെത്തിയിരുന്നു.

തുക എസ്ഐയുടെ ശമ്പളത്തിൽ നിന്നും ഈടാക്കും
നഷ്ടപരിഹാര തുകയായ 50,000 രൂപ നിലവിൽ സർക്കാർ ഫണ്ടിൽ നിന്നും അടിയന്തിരമായി അനുവദിക്കാനാണ് ഉത്തരവ്. എന്നാൽ, കമ്മിഷന്റെ നിർദ്ദേശപ്രകാരം ഈ തുക കുറ്റക്കാരനായ എസ്ഐയുടെ ശമ്പളത്തിൽ നിന്നും ഘട്ടംഘട്ടമായി ഈടാക്കി സർക്കാർ ഖജനാവിലേക്ക് തിരികെ നിക്ഷേപിക്കണം. മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ട സമയപരിധിക്കുള്ളിൽ (രണ്ടു മാസം) ഈ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ, തുകയ്ക്ക് 8 ശതമാനം പലിശ കൂടി നൽകേണ്ടി വരുമെന്ന് കമ്മീഷൻ താക്കീത് നൽകിയിരുന്നു. സംഭവത്തിൽ സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി (DGP) കമ്മിഷന് സമർപ്പിക്കും.

Story Summary: The State Home Department has sanctioned ₹50,000 as compensation to Sreenath, a native of Chirayinkeezhu, after an SI sprayed pepper spray directly into his eyes at the Chirayinkeezhu police station in October 2023. Acting on the State Human Rights Commission’s order, the government will initially pay the compensation from public funds, which will then be recovered from the guilty SI’s salary in installments. The commission had previously ordered an inquiry by its own police wing, which found witness testimony confirming the victim was in distress after the incident, contradicting the official initial claims.

Clickable Info Box