കല്പറ്റ: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിൽ അപകടം അതീവ ദുഃഖകരമാണെന്ന് വ്യക്തമാക്കി പ്രോജക്റ്റിന്റെ മുഖ്യ കരാർ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് (Wayanad Landslide Dilip Buildcon). ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും കമ്പനി പൂർണ്ണമായി ചേർത്തുപിടിക്കുമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) എന്നിവയ്ക്ക് നൽകിയ നിയമപ്രകാരമുള്ള ഔദ്യോഗിക കത്തിൽ കമ്പനി അറിയിച്ചു. പ്രദേശത്ത് തുടരുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കമ്പനിയുടെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണ നൽകുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നതെന്ന് കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ കത്തിൽ വ്യക്തമാക്കി.
ജില്ലാ ഭരണകൂടം, അടിയന്തര ദുരന്തനിവാരണ ഏജൻസികൾ എന്നിവയുമായി കമ്പനി പൂർണ്ണമായി സഹകരിക്കുന്നുണ്ട്. വയനാട്ടിൽ അസാധാരണമാംവിധം പെയ്ത കനത്ത മഴയ്ക്കിടയിലാണ് ഈ സംഭവം ഉണ്ടായത്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) പ്രാഥമിക വിവരങ്ങൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വയനാട്ടിൽ ഏകദേശം 265 മില്ലിമീറ്റർ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ ജൂലൈ മാസത്തിലെ ഒരു ദിവസത്തെ മഴയേക്കാൾ 9-10 മടങ്ങാണ്. കൂടാതെ, കേരളത്തിൽ ജൂലൈയിൽ ലഭിക്കേണ്ട ശരാശരി മഴയുടെ മൂന്നിലൊന്നിലധികം വെറും 24 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങുകയും ചെയ്തു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് വിശദീകരണം
ബാധകമായ എല്ലാ എഞ്ചിനീയറിംഗ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്ശനമായി പാലിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി കത്തിൽ അവകാശപ്പെടുന്നു. പരിസ്ഥിതിലോല പ്രദേശമായതിനാൽ, സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ (CEC) മേൽനോട്ടം ഉൾപ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങൾക്ക് വിധേയമായാണ് പ്രൊജക്റ്റ് മുന്നോട്ട് പോകുന്നത്. ഇവിടെ നിന്നും ഖനനം ചെയ്യുന്ന വസ്തുക്കൾ അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം കടുത്ത നിരീക്ഷണങ്ങൾ ഉള്ളതിനാൽ പ്രൊജക്റ്റിൽ സാങ്കേതിക പിഴവുകൾക്കുള്ള സാധ്യത വളരെ കുറവാണെന്നും കത്തിൽ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും കമ്പനി വിശദീകരിച്ചു.
അതേസമയം, കള്ളാടി ദുരന്തമേഖലയിൽ രാത്രിയിലും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയ ശേഷം മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മേപ്പാടി വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും നോർത്ത് സോൺ ഡി.ഐ.ജി കെ. കാർത്തികിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയിലും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി മുന്നോട്ട് പോവുകയാണ്.
Story Summary: Contractor company Dilip Buildcon Limited expressed deep condolences over the Kalladi tunnel landslide and informed BSE and NSE that they will fully support the victims’ families. Company Secretary Abhishek Srivastava stated that the project strictly adheres to all engineering and safety regulations under the supervision of the Supreme Court-appointed Central Empowered Committee. They attributed the disaster to the unprecedented 265 mm of rainfall within 24 hours. Meanwhile, Ministers T. Siddique, A.P. Anil Kumar, and DIG K. Karthik held a review meeting at WIMS Hospital while night rescue operations continued.

