പത്തനംതിട്ട: കോന്നിയിൽ 13-കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠികളും പുറത്തുനിന്നുള്ളവരും ചേർന്ന് പീഡിപ്പിച്ചെന്ന കേസ് വ്യാജമെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെ പുതിയ വിവാദം (Konni Pathanamthitta Fake POCSO Case). കേസിൽ സംശയത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ചെന്നാണ് ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. താൻ ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയാണെന്ന് ആവർത്തിച്ചു പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് തന്റെ കാലുകൾ ചവിട്ടിയരച്ചെന്നും, മുടിയിൽ പിടിച്ചുവലിക്കുകയും ചെവി കറക്കുകയും ചെയ്തെന്ന് യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഈ മാസം മൂന്നാം തീയതി വൈകിട്ട് പിടികൂടിയ തന്നെ ഇന്നലെ വൈകിട്ടാണ് വിട്ടയച്ചതെന്നും, ഈ സമയം മുഴുവൻ പ്രായപൂർത്തിയാകാത്ത കുട്ടികളെയും സ്റ്റേഷനിൽ ഇരുത്തിയിരുന്നതായും യുവാവ് പറഞ്ഞു. കൂടാതെ, ആളുമാറി തന്റെ സഹോദരനെയും പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയെന്നും പിന്നീട് വിട്ടയച്ചുവെന്നും യുവാവ് വിശദമാക്കുന്നു.
അതേസമയം , ചൈൽഡ് ഹെൽപ് ലൈൻ (Child Helpline) വഴിയാണ് വിദ്യാർത്ഥിനിയുടെ പീഡന പരാതി ആദ്യം പോലീസിന് ലഭിക്കുന്നത്. പെൺകുട്ടി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠികളായ നാല് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ, ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് വനിതാ ഉദ്യോഗസ്ഥർക്ക് മുന്നിൽ നൽകിയ മൊഴികളിലും കടുത്ത വൈരുദ്ധ്യവും മാറ്റവുമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതോടെയാണ് കസ്റ്റഡിയിലെടുത്ത ആറ് പേരെയും താൽക്കാലികമായി വിട്ടയക്കാൻ പോലീസ് തയ്യാറായത്.
അതേസമയം, കസ്റ്റഡിയിലുണ്ടായിരുന്നവരെ വിട്ടയച്ചെങ്കിലും രജിസ്റ്റർ ചെയ്ത രണ്ട് പോക്‌സോ (POCSO) കേസുകളിലെ അന്വേഷണം പോലീസ് അവസാനിപ്പിക്കില്ല. ചൈൽഡ് ഹെൽപ്പ് ലൈനിൽ കുട്ടി എന്തിനാണ് ഇത്തരമൊരു കള്ളമൊഴി നൽകിയതെന്ന സാഹചര്യം പോലീസ് വിശദമായി പരിശോധിക്കും. ഇതിനുപുറമേ, പെൺകുട്ടിക്ക് ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള മയക്കുമരുന്ന് നൽകി സ്വാധീനിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്.
പെൺകുട്ടി നൽകിയ 13 പേജുള്ള മൊഴി പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലാണ് നിലവിൽ അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളത്. ഇതിന് പിന്നിലെ യഥാർത്ഥ കാരണം കൗമാരപ്രായത്തിലെ പ്രണയ നൈരാശ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സഹപാഠിയായ ഒരു കുട്ടിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. എന്നാൽ ഈ പ്രണയം തകർന്നതിലുള്ള കടുത്ത ദേഷ്യത്തിലും പ്രതികാര ചിന്തയിലുമാണ് സഹപാഠികളെയും നാട്ടുകാരെയും കുടുക്കാൻ പെൺകുട്ടി ഇത്തരമൊരു പീഡനക്കഥ കെട്ടിച്ചമച്ചതെന്നാണ് പോലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.
Story Summary: The alleged gang rape case of a 13-year-old girl in Konni took a dramatic turn as police concluded that the complaint was fabricated due to a relationship breakup. Meanwhile, a youth who was temporarily detained and later released alleged that Konni police brutally assaulted him in custody, despite him informing them about his recent bypass surgery. Although the six suspects, including four minors, were released due to heavy contradictions in the girl’s statements, police stated they will continue the POCSO investigation to check for any drug involvement or external influence on the minor.

