HomeKeralaമൊൺസൺ മാവുങ്കലിന്റെ കാറുകൾ ചേർത്തല പോലീസ് ആക്രിവിലയ്ക്ക് വിറ്റു; തുരുമ്പെടുത്ത വണ്ടികൾ...

മൊൺസൺ മാവുങ്കലിന്റെ കാറുകൾ ചേർത്തല പോലീസ് ആക്രിവിലയ്ക്ക് വിറ്റു; തുരുമ്പെടുത്ത വണ്ടികൾ ഒഴിവാക്കിയത് ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം | Monson Mavunkal Luxury Cars Scrap Sale

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മൊൺസൺ മാവുങ്കലിൽ നിന്ന് ചേർത്തല പോലീസ് മുൻപ് പിടിച്ചെടുത്തിരുന്ന ആഡംബര വാഹനങ്ങൾ ഒടുവിൽ ആക്രിക്കാർക്ക് വിറ്റു (Monson Mavunkal Luxury Cars Scrap Sale). കേസിന്റെ ഭാഗമായി ചേർത്തല പോലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷയില്ലാതെ കിടന്നിരുന്ന ഏഴ് വാഹനങ്ങളാണ് ഇപ്പോൾ ആക്രിവിലയ്ക്ക് ലേലം ചെയ്ത് നൽകിയിരിക്കുന്നത്.

ഒരു ആഡംബര കാരവനും പ്രമുഖ വിദേശ നിർമ്മിത കാറുകളും അടക്കം ആകെ ഏഴ് വാഹനങ്ങളായിരുന്നു മുൻപ് പോലീസ് പിടിച്ചെടുത്തിരുന്നത്. ഒരു പ്രമുഖ സ്വർണ്ണ വ്യാപാരിയുമായി മൊൺസൺ മാവുങ്കൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ചേർത്തല പോലീസ് ഈ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്തവയിൽ രണ്ട് ലക്ഷ്വറി കാറുകൾ ആക്രി വൽപ്പനക്കാർ ഇതിനോടകം തന്നെ സ്റ്റേഷൻ പരിസരത്ത് നിന്ന് കയറ്റി കൊണ്ടുപോയിക്കഴിഞ്ഞു. ഭീമൻ കാരവൻ അടക്കമുള്ള ബാക്കി അഞ്ച് വാഹനങ്ങൾ വരും ദിവസങ്ങളിൽ ഇവർ കൊണ്ടുപോകും.

കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി ചേർത്തല പോലീസ് സ്റ്റേഷൻ പരിസരത്ത് യാതൊരുവിധ സംരക്ഷണവുമില്ലാതെ കിടന്ന് ഈ വാഹനങ്ങളെല്ലാം തന്നെ പൂർണ്ണമായും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലായിരുന്നു. സ്റ്റേഷൻ പരിസരങ്ങളിൽ തൊണ്ടിമുതലുകളായും അല്ലാതെയും കിടക്കുന്ന പഴയ വാഹനങ്ങൾ അടിയന്തിരമായി നിയമപരമായി ലേലം ചെയ്ത് ഒഴിവാക്കണമെന്ന ആഭ്യന്തരമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് ഈ വാഹനങ്ങൾ ലേലം ചെയ്യാൻ പോലീസ് നടപടി സ്വീകരിച്ചത്. ലക്ഷങ്ങൾ വിലമതിക്കുമെന്ന് മുൻപ് കരുതിയിരുന്ന വാഹനങ്ങളാണ് ഇപ്പോൾ വെറും ആക്രിവിലയ്ക്ക് പോലീസിന് വിറ്റഴിക്കേണ്ടി വന്നത്.

Story Summary: The Cherthala Police sold seven vehicles seized from antiquity fraud case accused Monson Mavunkal to scrap dealers. The vehicles, including a caravan and several luxury foreign cars, were seized in connection with a financial fraud case involving a gold merchant. After rotting and rusting in the police station premises for over five years, the vehicles were auctioned off following a directive from the Home Minister to clear old vehicles from police station grounds.

Clickable Info Box