കോഴിക്കോട്: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ കെപിസിസി (KPCC) അധ്യക്ഷനായി നിയമിക്കണമെന്ന ശക്തമായ ആവശ്യവുമായി കോൺഗ്രസ് യുവനിര രംഗത്ത് (Mathew Kuzhalnadan KPCC President). ഇതിന്റെ ഭാഗമായി കോഴിക്കോട് ഡിസിസി (DCC) ഓഫീസിന് മുന്നിൽ കെഎസ്‌യു (KSU) പ്രവർത്തകർ കൂട്ടത്തോടെ പ്രകടനമായെത്തി വലിയ ആഹ്വാന ബോർഡ് സ്ഥാപിച്ചു. കോൺഗ്രസ് പാർട്ടിക്ക് പുതിയ രാഷ്ട്രീയ ഊർജ്ജമേകാൻ നട്ടെല്ലുള്ള യുവനേതാവായ മാത്യു കുഴൽനാടൻ തന്നെ കെപിസിസി തലപ്പത്തേക്ക് വരണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെട്ടു.
നിയമസഭയ്ക്കുള്ളിലും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയതും അദ്ദേഹത്തിന്റെ അഴിമതികൾ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടിയതും കുഴൽനാടനാണെന്ന് ബോർഡ് സ്ഥാപിച്ച പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാൻ പോലും തങ്ങൾ തയ്യാറാണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ അദ്ദേഹമാണ് ഏറ്റവും യോഗ്യനെന്നും കെഎസ്‌യു നേതാക്കൾ കൂട്ടിച്ചേർത്തു.
നിലവിൽ മന്ത്രിയായ സണ്ണി ജോസഫാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. എന്നാൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന പാർട്ടി നയത്തിന്റെ ഭാഗമായി മന്ത്രിയെ മാറ്റി പുതിയ പൂർണ്ണസമയ അധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെ താൻ സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് സണ്ണി ജോസഫും ഹൈക്കമാൻഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് പുതിയ അധ്യക്ഷന് വേണ്ടിയുള്ള ഗ്രൂപ്പ് പോരുകളും സമ്മർദ്ദ തന്ത്രങ്ങളും കോൺഗ്രസിൽ അണപൊട്ടിയത്.
കെപിസിസി അധ്യക്ഷ പദവിക്കായി എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ എന്നിവർക്ക് പുറമെ മുതിർന്ന നേതാവ് ജോസഫ് വാഴയ്ക്കനും ശക്തമായി രംഗത്തുണ്ട്. എ ഗ്രൂപ്പിന്റെ പിന്തുണയോടെ ഈ പദവി ഉറപ്പിക്കാനായി ജോസഫ് വാഴയ്ക്കൻ ഇന്ന് അടിയന്തരമായി ദില്ലിയിലെത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി അദ്ദേഹം നേരിട്ട് കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാൻ തനിക്ക് എല്ലാവിധ യോഗ്യതയും സീനിയോറിറ്റിയും ഉണ്ടെന്നും പാർട്ടിയെ നയിക്കാൻ 24 മണിക്കൂറും ലഭ്യമാകുന്ന ഒരു ഫുൾ ടൈം അധ്യക്ഷനെയാണ് താഴേത്തട്ടിലെ പ്രവർത്തകർക്ക് ആവശ്യമെന്നും ദില്ലിയിൽ വെച്ച് ജോസഫ് വാഴയ്ക്കൻ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കവെ, കെഎസ്‌യുവിന്റെ ഈ പരസ്യമായ ചേരിതിരിവ് നേതൃത്വത്തിന് പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.
Story Summary:
KSU workers staged a protest and placed a board in front of the Kozhikode DCC office demanding Mathew Kuzhalnadan be appointed as the new KPCC President. This comes amid current president and minister Sunny Joseph’s willingness to step down, while senior leader Joseph Vazhackan reached Delhi to meet Mallikarjun Kharge staking his claim for the post.

