ടെഹ്‌റാൻ: ഇറാൻ-അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാത്തതുവരെ കൂടുതൽ ചർച്ചകളിലേക്ക് കടക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ധാരണാപത്രത്തിലെ അഞ്ച് സുപ്രധാന വ്യവസ്ഥകൾ നടപ്പിലാക്കിയതിനു ശേഷം മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുകയുള്ളൂവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് അറിയിച്ചു (Iran Nuclear Deal). ആണവ വിഷയത്തിലുള്ള ഇറാൻ്റെ അവകാശങ്ങൾ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്നും, യുറേനിയം സമ്പുഷ്ടീകരണം രാജ്യത്തിന്റെ നിയമാനുസൃതവും നിഷേധിക്കാനാവാത്തതുമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ കരാറിലെത്തുന്നതിനായി ധാരണാപത്രത്തിൽ നിശ്ചയിച്ചിട്ടുള്ള 60 ദിവസത്തെ കാലയളവ് നീട്ടാൻ തയ്യാറാണെന്ന് ഇറാൻ സൂചന നൽകി. എന്നാൽ, അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയും ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള മുഴുവൻ ഉപരോധങ്ങളും പൂർണ്ണമായി നീക്കം ചെയ്യുന്നതുവരെ ചർച്ചകൾ തുടരുമെന്ന നിലപാടിലാണ് ഇറാൻ. വിഷയത്തിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അമേരിക്ക ഇന്ന് ചർച്ചകൾ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജെറാദ് കഷ്നറും മധ്യസ്ഥ ചർച്ചകൾക്കായി ദോഹയിൽ തുടരുകയാണ്. അതിനിടെ, ഇറാൻ-ഖത്തർ പ്രതിനിധികൾ തമ്മിലുള്ള ചർച്ച ഇന്ന് ദോഹയിൽ നടക്കും. അമേരിക്കയുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകളും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ വിഷയമാകും. അതേസമയം, അമേരിക്കൻ പ്രതിനിധി സംഘവുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാട് ഇറാൻ വിദേശകാര്യ മന്ത്രാലയം വീണ്ടും ആവർത്തിച്ചു.
Summary: Iran has refused to engage in further negotiations until all conditions in the current memorandum of understanding are met, with Parliament Speaker Mohammad Bagher Ghalibaf asserting that Iran will not abandon its nuclear rights, including uranium enrichment. Iran insists that all US and UN sanctions must be lifted before finalizing any agreement, though it remains open to extending the 60-day timeframe for the current MoU. Meanwhile, mediation efforts continue in Doha involving the US, Qatar, and Iran, though Tehran maintains it will not hold direct talks with the American delegation.

