അൻവർ ഷരീഫ്
മലപ്പുറം: ഇന്ത്യ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സ്വാഭാവികമായി മാത്രം വളരുന്ന അപൂർവ്വയിനം കൂൺ വർഗ്ഗമായ ‘മാക്രോസിബെ ക്രാസ്സ’ (Macrocybe crassa farming Kerala) ഇനി കേരളത്തിന്റെ മണ്ണിലും വിളയും. മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ സനൂപ് എന്ന കർഷകനാണ് നാല് വർഷത്തെ നിരന്തരമായ പരീക്ഷണങ്ങൾക്കും പരിശ്രമങ്ങൾക്കുമൊടുവിൽ ഈ അപൂർവ്വ കൂൺ കൃഷി ചെയ്ത് വൻ വിജയം കൊയ്തത്.
കഴിഞ്ഞ മുപ്പത് വർഷമായി മഷ്‌റൂം കൃഷിരംഗത്ത് സജീവ സാന്നിധ്യമായ സനൂപ്, തികച്ചും ശാസ്ത്രീയമായ രീതിയിലാണ് ഇതിന്റെ കൃഷിരീതി വികസിപ്പിച്ചെടുത്തത്. റബ്ബർ മരത്തിന്റെ പൊടി, വൈക്കോൽ എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്തുള്ള മാധ്യമം (Substrate) ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്. പശ്ചിമ ബംഗാളിൽ ‘ദൂത് ച്ചാതു’ (Doodh Chhatu) എന്ന പേരിലും ഈ പ്രശസ്തമായ കൂൺ അറിയപ്പെടുന്നുണ്ട്.
വലിപ്പത്തിലും തൂക്കത്തിലും ഭീമൻ!
ഭീമാകാരമായ വലിപ്പവും ഉയർന്ന തൂക്കവുമാണ് മാക്രോസിബെ ക്രാസ്സയെ മറ്റു കൂണുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരൊറ്റ കൂൺ കൂട്ടത്തിന് മാത്രം ഒന്നു മുതൽ ഒന്നേകാൽ കിലോ വരെ തൂക്കം വരാറുണ്ട്. വിടർന്നു നിൽക്കുന്ന ഇതിന്റെ കുടയുടെ ഭാഗത്തിന് 14 മുതൽ 40 സെന്റീമീറ്റർ വരെ വ്യാസമുണ്ടാകും. വെളുപ്പ്, ക്രീം അല്ലെങ്കിൽ നേരിയ തവിട്ടുനിറത്തിലുള്ള കുടയും, താഴേക്ക് കട്ടിയുള്ള തണ്ടുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരാൻ ഏറ്റവും അനുയോജ്യമായ ഈ കൂൺ കറികൾക്കും മറ്റ് വിഭവങ്ങൾക്കും അതീവ രുചികരവും നൂറ് ശതമാനം ഭക്ഷ്യയോഗ്യവുമാണ്. നിലവിൽ ഇന്ത്യയിൽ ബട്ടൺ മഷ്‌റൂം, ചിപ്പിക്കൂൺ, പാൽക്കൂൺ എന്നിവയ്ക്കാണ് വിപണിയിൽ കൂടുതൽ പ്രചാരമെങ്കിലും, സനൂപ് വികസിപ്പിച്ചെടുത്ത പുതിയ കൃഷിരീതിയിലൂടെ മാക്രോസിബെ ക്രാസ്സയ്ക്കും വരും ദിവസങ്ങളിൽ വിപണിയിൽ വൻ വാണിജ്യ സാധ്യതകളാണുള്ളത്.
Story Summary:
Sanoop, an experienced mushroom farmer from Edavannappara, Kerala, has successfully cultivated the rare and giant mushroom variety ‘Macrocybe crassa’ after four years of research. Known as ‘Doodh Chhatu’ in West Bengal, a single cluster of this tropical mushroom can weigh over a kilogram.

