തൃപ്പൂണിത്തുറ: ഉദയംപേരൂർ, പുതിയകാവ് പ്രദേശങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു (stray dog attack Tripunithura). ശനിയാഴ്ച രാവിലെ വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മയെ നായ അതിക്രൂരമായി ആക്രമിച്ചു. ഉദയംപേരൂർ അതിർത്തി റോഡ് സ്വദേശിനി സതിക്കാണ് (52) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
രാവിലെ ഏഴുമണിയോടെ മുറ്റമടിക്കുകയായിരുന്ന സതിയെ ഓടിവന്ന നായ തലയിൽ കടിച്ചുപിടിച്ച് വലിക്കുകയായിരുന്നു. തലയിലെ മാംസം അടർന്നുപോയ നിലയിൽ ആഴത്തിലുള്ള മുറിവാണ് സതിക്കുള്ളത്. ഇവരെ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം അങ്കണവാടിയിൽ നിന്ന് മടങ്ങുകയായിരുന്ന നാലു വയസ്സുകാരൻ ഭുവനേശിനെ നായ കടിച്ചു പരിക്കേൽപ്പിച്ചു. തമിഴ്‌നാട് സ്വദേശി തങ്കവേലുവിന്റെ മകനായ കുട്ടിയുടെ കവിളിലും ചുണ്ടിലുമാണ് കടിയേറ്റത്.പുതിയകാവ് ഭാഗത്തും സമാനമായ രീതിയിൽ ആക്രമണമുണ്ടായി. നാലു വയസ്സുകാരനടക്കം ആകെ ഏഴു പേരാണ് വിവിധ ഇടങ്ങളിലായി തെരുവുനായയുടെ ഇരകളായത്.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റവർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി.

