തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി (Kerala rain alert today IMD updates). ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ കൂടി പുതുതായി യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചു. തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ കാസർകോട് ജില്ലയിലുമാണ് പുതുതായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്താകെ യെല്ലോ അലേർട്ട് നിലവിലുള്ള ജില്ലകളുടെ എണ്ണം ഒൻപതായി ഉയർന്നു.
കേരളത്തിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പുതിയ മുന്നറിയിപ്പ്. കനത്ത മഴ പെയ്യുന്ന കോഴിക്കോട് ജില്ലയിൽ ഇന്ന് നേരത്തെ തന്നെ ഓറഞ്ച് അലേർട്ട് (Orange Alert) പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത്. നാളെ വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.
തുടർച്ചയായി മഴ പെയ്യുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നിർദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ശക്തമായ കാറ്റും ഇടിമിന്നലുമുള്ള സമയങ്ങളിൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുതെന്നും ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
Story Summary: The India Meteorological Department (IMD) has updated its rainfall warning for Kerala, issuing a yellow alert for three more districts: Thiruvananthapuram, Kollam, and Kasaragod. With this, a total of nine districts are under a yellow alert today, while Kozhikode remains under an orange alert. Heavy rainfall is predicted to continue across the state, and a yellow alert has been extended to seven districts for Thursday. Authorities have urged residents in landslide-prone areas to remain cautious.

