പാറ്റ്ന: ചോരയൊലിപ്പിച്ചു കിടന്ന അപകടബാധിതരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിന് പകരം റോഡിൽ ചിതറിവീണ മാമ്പഴങ്ങൾ കൈക്കലാക്കാൻ ജനക്കൂട്ടം മത്സരിച്ചതിനെത്തുടർന്ന് യുവാവിന് ദാരുണാന്ത്യം (Bihar Muzaffarpur truck accident news). ബിഹാറിലെ മുസാഫർപൂരിൽ ദേശീയപാത 27-ലാണ് മനുഷ്യത്വം മരവിച്ച ഈ നടുക്കുന്ന സംഭവം അരങ്ങേറിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവർ അജയ് പാസ്വാൻ (40) ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ സാന്താരാ ദേവി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
പശ്ചിമ ബംഗാളിൽ നിന്നും കിലോക്കണക്കിന് മാമ്പഴം ലോഡ് ചെയ്ത് ബിഹാറിലെ മുസാഫർപൂരിലേക്ക് വരികയായിരുന്നു അജയ് പാസ്വാനും ഭാര്യയും. എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് ദേശീയപാത 27-ൽ വെച്ച് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ ട്രക്കിന്റെ മുൻഭാഗം പൂർണ്ണമായി തകരുകയും ദമ്പതികൾ ഇരുവരും കാബിനുള്ളിൽ മാരകമായ പരിക്കുകളോടെ കുടുങ്ങിക്കിടക്കുകയും ചെയ്തു. വാഹനം മറിഞ്ഞതോടെ ട്രക്കിലുണ്ടായിരുന്ന മാമ്പഴങ്ങൾ മുഴുവൻ ദേശീയപാതയിലുടനീളം ചിതറിത്തെറിച്ചു വീണു.
അപകടം കണ്ട് വൻ ജനക്കൂട്ടമാണ് നിമിഷങ്ങൾക്കകം സ്ഥലത്ത് തടിച്ചുകൂടിയത്. എന്നാൽ വണ്ടിനുള്ളിൽ ചോരയൊലിപ്പിച്ച് പ്രാണനുവേണ്ടി പിടയുകയായിരുന്ന ദമ്പതികളെ പുറത്തെടുക്കാനോ അവരെ രക്ഷിക്കാനോ അവിടെയുണ്ടായിരുന്ന ഒരാൾ പോലും തയ്യാറായില്ല. പകരം റോഡിൽ ചിതറിക്കിടന്ന മാമ്പഴങ്ങൾ ചാക്കുകളിലും ബാഗുകളിലും വാരി നിറച്ച് കൊണ്ടുപോകാനാണ് ആളുകൾ മത്സരിച്ചത്. ചിലർ തങ്ങളുടെ ബൈക്കുകളിലും ഓട്ടോകളിലും വരെ മാമ്പഴം കുത്തിനിറച്ച് കടന്നുകളഞ്ഞു.
പിന്നീട് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് നാട്ടുകാരുടെ മാമ്പഴം കൊള്ള തടഞ്ഞതും, കാബിൻ വെട്ടിപ്പൊളിച്ച് ദമ്പതികളെ പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. എന്നാൽ അപ്പോഴേക്കും വലിയ തോതിൽ രക്തം വാർന്നുപോയ അജയ് പാസ്വാന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്കായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ രക്ഷിക്കുന്നതിനേക്കാൾ വില സ്വന്തം സ്വാർത്ഥതയ്ക്ക് നൽകിയ ജനക്കൂട്ടത്തിന്റെ ഈ ക്രൂരമായ പെരുമാറ്റത്തിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
Story Summary:
In a shocking incident in Bihar’s Muzaffarpur, a sub-urban crowd chose to loot mangoes from a overturned truck rather than helping an injured couple trapped inside. The driver, Ajay Paswan (40), who was transporting mangoes from West Bengal with his wife Santara Devi, succumbed to his injuries at the hospital. The police eventually rescued the couple, but Paswan died due to delayed medical aid.

