എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ (BJP) ചേർന്ന പ്രമുഖ ദളിത് നേതാവും മുൻ കെപിസിസി (KPCC) സെക്രട്ടറിയുമായ എൻ.കെ. സുധീർ വീണ്ടും കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് മടങ്ങിയെത്തി (N K Sudheer returns to Congress party). തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുധീർ കോൺഗ്രസിലേക്കുള്ള ഈ പുനഃപ്രവേശന വിവരം പരസ്യമാക്കിയത്. കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സ്വന്തം തട്ടകത്തിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
“സ്വന്തം കുടുംബത്തിലേക്കുള്ള മടക്കം” എന്നാണ് കോൺഗ്രസ് പുനഃപ്രവേശത്തെ എൻ.കെ. സുധീർ വിശേഷിപ്പിച്ചത്. രാഷ്ട്രീയപരമായ ചില താൽക്കാലിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് താൻ കോൺഗ്രസിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നതെന്നും എന്നാൽ തന്റെ രാഷ്ട്രീയ വേരുകളും ആദർശങ്ങളും ആശയങ്ങളും എന്നും കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പം മാത്രമായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ യാതൊരുവിധ മുൻവിധികളുമില്ലാതെ, പൂർണ്ണ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് താൻ കോൺഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കോൺഗ്രസ് നേതൃത്വവുമായി ഉടക്കി എൻ.കെ. സുധീർ പാർട്ടി വിട്ടതും ബിജെപിയിൽ ചേർന്നതും. തുടർന്ന് ബിജെപിയുടെ സംസ്ഥാനതല ചുമതലകളിലും അദ്ദേഹം സജീവമായിരുന്നു. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ ശൈലിയുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതിനെത്തുടർന്നാണ് ഇപ്പോൾ മാതൃസംഘടനയിലേക്ക് തന്നെ അദ്ദേഹം മടങ്ങിയെത്തിയിരിക്കുന്നത്. സുധീറിന്റെ തിരിച്ചുവരവ് എറണാകുളം, തൃശൂർ ജില്ലകളിലെ കോൺഗ്രസ് സംഘടന സംവിധാനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തൽ.
Story Summary: Former KPCC Secretary N.K. Sudheer, who left the Congress party to join the BJP, has returned to the Congress fold. Announcing his decision via a Facebook post, Sudheer described it as a “return to his own family.” He stated that though he took a brief hiatus from the party for certain political activities, his political roots and ideologies always remained with the Congress.

