ബംഗളൂരു: കർണാടകയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന് പിന്നാലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി വൻ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ (DK Shivakumar Karnataka Chief Minister). അധികാരമേറ്റ ശേഷമുള്ള തന്റെ ആദ്യ വാർത്താസമ്മേളനത്തിലാണ് യുവാക്കൾക്കായി ‘യുവ യുഗ’ (Yuva Yuga) എന്ന പേരിലുള്ള വലിയ പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തിയത്. സംസ്ഥാനത്തെ സ്കൂൾ തലം മുതൽ പോസ്റ്റ് ഗ്രാജുവേഷൻ (PG) വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഇനിമുതൽ സംസ്ഥാനത്തുടനീളം സൗജന്യ ബസ് പാസ് അനുവദിക്കുമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.
വിദ്യാർത്ഥികൾക്ക് പുറമെ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി എല്ലാ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്ത് ഒരു സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ ഉദ്യോഗാർത്ഥികളുടെ തൊഴിൽക്ഷമതയും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനങ്ങളും ലഭ്യമാക്കും.
യുവാക്കളുടെ സമഗ്ര വികസനവും നേതൃത്വപാടവവും ലക്ഷ്യമിട്ട് കർണാടകയിലുടനീളം 10,000 യൂത്ത് ക്ലബ്ബുകൾ സ്ഥാപിക്കുമെന്നും ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. കായികം, സാംസ്കാരികം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന ഓരോ ക്ലബ്ബിനും 10 ലക്ഷം രൂപ വീതം ഫണ്ട് അനുവദിക്കും.
ബംഗളൂരു ലോക് ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് മുൻപാകെയാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ആദ്യമായി വിധാന സൗധയിൽ എത്തിയ അദ്ദേഹം മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഡി.കെ. ശിവകുമാറിനൊപ്പം ഉപമുഖ്യമന്ത്രിയായി ഡോ. ജി. പരമേശ്വരയും മറ്റ് 12 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭയായി അധികാരമേറ്റിട്ടുണ്ട്.
Story Summary: Directly after being sworn in as the 18th Chief Minister of Karnataka, D.K. Shivakumar announced major welfare schemes under the “Yuva Yuga” initiative for youth and students. His maiden decisions include free bus passes for students from school to post-graduation levels, the setup of a private employment exchange, and the allocation of ₹10 lakh each for 10,000 new youth clubs.

