ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരവും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദറിന്റെ മൂത്ത മകൾ അവന്തികയുടെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയെ ക്ഷണിച്ച് കുടുംബം (Khushbu Sundar daughter Avantika wedding invitation). ചെന്നൈയിലുള്ള വിജയ്യുടെ ഔദ്യോഗിക വസതിയിലെത്തി ഖുശ്ബുവും കുടുംബവും നേരിട്ടാണ് വിവാഹക്ഷണക്കത്ത് കൈമാറിയത്.
ഖുശ്ബുവിനൊപ്പം ഭർത്താവും പ്രശസ്ത സംവിധായകനുമായ സുന്ദർ സി, മക്കളായ അവന്തിക, ആനന്ദിത, ഭാവി മരുമകൻ ശ്രാവൺ ശ്രീനിവാസൻ എന്നിവരും വിജയ്യെ സന്ദർശിക്കാൻ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷം വിജയ്യെ സന്ദർശിച്ചതിന്റെ സന്തോഷകരമായ ചിത്രങ്ങൾ ഖുശ്ബു തന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വികാരനിർഭരമായ ഒരു കുറിപ്പും ഖുശ്ബു ചേർത്തിട്ടുണ്ട്:
“ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷവും മറക്കാനാകാത്തതുമായ ഒരു ദിവസമാണിന്ന്. എന്റെ പ്രിയപ്പെട്ട സഹോദരനും തമിഴ്നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായ ശ്രീ വിജയിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കുകയും, ഞങ്ങളുടെ മകളുടെയും ശ്രീ ശ്രാവൺ ശ്രീനിവാസന്റെയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു.
അദ്ദേഹത്തെ കാണുന്നത് എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ വലിയ അഭിമാനവും സന്തോഷവും നിറയ്ക്കുന്നു. കുട്ടികൾ അതീവ ആവേശത്തിലായിരുന്നു, അവർക്ക് അദ്ദേഹത്തിൽ നിന്ന് കണ്ണെടുക്കാൻ പോലുമാകുന്നുണ്ടായിരുന്നില്ല. തിരക്കേറിയ ഔദ്യോഗിക ഷെഡ്യൂളുകൾക്കിടയിലും, ഞങ്ങൾ എപ്പോഴും നെഞ്ചേറ്റുന്ന അതേ ഊഷ്മളതയോടും സ്നേഹത്തോടും മനോഹരമായ പുഞ്ചിരിയോടും കൂടിയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. എന്റെ പ്രിയ സഹോദരാ, നിങ്ങളുടെ വിലയേറിയ സമയത്തിനും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ് ഇത് ഞങ്ങൾക്ക്. എപ്പോഴും സ്നേഹത്തോടെ…” – ഖുശ്ബു കുറിച്ചു.
View this post on Instagram
ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മകളുടെ വിവാഹത്തിന് ക്ഷണിക്കാനായി ഖുശ്ബുവും കുടുംബവും ഡൽഹിയിലെത്തിയിരുന്നു. പ്രധാനമന്ത്രിയെ സന്ദർശിച്ച് ക്ഷണക്കത്ത് കൈമാറുന്ന ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെയും കുടുംബസമേതം എത്തി ക്ഷണിച്ചിരിക്കുന്നത്.
അതേസമയം, മാതാപിതാക്കളുടെ സിനിമാ പാരമ്പര്യം പിന്തുടർന്ന് അഭിനയരംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് ഖുശ്ബുവിന്റെ മകൾ അവന്തിക. ‘ആരംഭം’ എന്ന മലയാള ചിത്രത്തിലൂടെയാണ് അവന്തിക ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുജേഷ് ആനി ഈപ്പനാണ്, സ്റ്റുഡിയോ ബെല്ലാറൂഹാണ് ചിത്രത്തിന്റെ നിർമ്മാണം.
Story Summary: Actress and BJP leader Khushbu Sundar along with her family, visited Tamil Nadu Chief Minister and actor Vijay at his residence to invite him to her elder daughter Avantika’s wedding with Shravan Srinivasan. Avantika is set to make her acting debut in the upcoming Malayalam movie ‘Aarambham’.

