കൊച്ചി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ രൂപപ്പെട്ട് രാജ്യവ്യാപകമായി ശ്രദ്ധേയമായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (Cockroach Janata Party Kochi meet കേരളത്തിലെ ആദ്യത്തെ ഔദ്യോഗിക കൺവെൻഷൻ ഇന്ന് കൊച്ചിയിൽ നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി മറൈൻ ഡ്രൈവിലാണ് കൺവെൻഷൻ നിശ്ചയിച്ചിരിക്കുന്നത്. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിക്കപ്പെട്ട പശ്ചാത്തലത്തിൽ, ടെലഗ്രാം ഗ്രൂപ്പുകളിലൂടെയും പ്രൈവറ്റ് അക്കൗണ്ടുകളിലൂടെയുമാണ് യുവാക്കളുടെയും അണികളുടെയും ഈ ഒത്തുചേരലിന് ആഹ്വാനം നൽകിയിട്ടുള്ളത്.
ആദ്യമായി സംഘടിപ്പിക്കുന്ന ഈ വലിയ ഒത്തുചേരലിലൂടെ ഓൺലൈൻ കൂട്ടായ്മയിലെ പ്രവർത്തകർ തമ്മിൽ പരസ്പരം പരിചയപ്പെടുകയും ആശയവിനിമയം നടത്തുകയുമാണ് പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ ഈ ആക്ഷേപഹാസ്യ കൂട്ടായ്മയെ നിയമപരമായി ഒരു രാഷ്ട്രീയ സംഘടനയായി രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകളും കൺവെൻഷനിൽ നടക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് കോടതി നടപടികൾക്കിടെ ചില യുവാക്കളെ പാറ്റകളോട് (Cockroaches) ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ഒരു ആക്ഷേപഹാസ്യ (Satirical) രാഷ്ട്രീയമുന്നണിയാണ് സി.ജെ.പി. മെയ് മാസത്തിൽ ഒരു കേസിന്റെ വാദത്തിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും വിവാദ പരാമർശമുണ്ടായത്. “യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ, ആർ.റ്റി.ഐ (RTI) ആക്ടിവിസ്റ്റുകളുമായി മാറി സമൂഹത്തെ നിരന്തരം ആക്രമിക്കുന്നു. ഇവർ വെറും ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ് (Parasites)” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ തുറന്നടിക്കൽ.
ഈ പരാമർശം പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ യുവാക്കൾക്കിടയിൽ കടുത്ത പ്രതിഷേധം പുകയുകയും അത് സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയും ചെയ്തു. ഇതിന് മറുപടിയായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അഭിജീത് ദീപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ ഹാൻഡിലുകൾ തുറന്നതോടെ ഡിജിറ്റൽ ലോകത്ത് വൻ പിന്തുണയാണ് ലഭിച്ചത്. ചീഫ് ജസ്റ്റിസിന്റെ വാക്കുകളെ അതിശക്തമായി പരിഹസിച്ചുകൊണ്ടും, രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും അശാസ്ത്രീയമായ വിദ്യാഭ്യാസ നയങ്ങളും ചർച്ച ചെയ്തുകൊണ്ടും ലക്ഷക്കണക്കിന് മീമുകളാണ് (Memes) ഈ പേജുകളിലൂടെ യുവാക്കൾ പ്രചരിപ്പിച്ചത്.
യുവജന പ്രതിഷേധം അതിരൂക്ഷമായതോടെ താൻ രാജ്യത്തെ പൊതുവായ യുവതലമുറയെക്കുറിച്ചല്ല സംസാരിച്ചതെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് പ്രത്യേക വാർത്താക്കുറിപ്പിലൂടെ പിന്നീട് വിശദീകരണം നൽകിയിരുന്നു. വ്യാജ ബിരുദങ്ങൾ കാട്ടി അഭിഭാഷക രംഗത്തേക്കും മാധ്യമ രംഗത്തേക്കും കടന്നുകൂടി ജനാധിപത്യ വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്ന ബ്ലാക്ക്മെയിലർമാരെയാണ് താൻ ‘പരാന്നഭോജികൾ’ എന്ന് വിളിച്ചതെന്നും, ഇന്ത്യയിലെ കഠിനാധ്വാനികളായ യുവതലമുറയെക്കുറിച്ച് തനിക്ക് ഏറെ അഭിമാനമേയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതിഷേധം അവിടെയൊന്നും അവസാനിച്ചില്ല. സോഷ്യൽ മീഡിയയിൽ അതിവേഗം ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയ സി.ജെ.പിയുടെ എക്സ് (X – പഴയ ട്വിറ്റർ), ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് അടുത്തിടെ പൂട്ടിപ്പിച്ചിരുന്നു. ഈ ഡിജിറ്റൽ സെൻസർഷിപ്പിനെതിരെ കൂടിയാണ് കൊച്ചിയിലെ ഇന്നത്തെ കൺവെൻഷനെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Story Summary: The first Kerala convention of the ‘Cockroach Janata Party’ (CJP), a satirical political movement formed in response to Chief Justice Suryakant Yadav’s controversial ‘cockroach and parasite’ remarks, will be held at Kochi Marine Drive today. The meeting, coordinated via Telegram, will discuss the legal registration of the group.

