ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ നോയിഡ സ്വദേശിയായ ട്വിഷ ശർമ (33) എന്ന യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Tvisha Sharma Bhopal Case). ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനവും നിർബന്ധിത ഗർഭഛിദ്രവുമാണ് മകളുടെ മരണത്തിന് കാരണമായതെന്നും ആരോപിച്ച് ട്വിഷയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഭോപാലിലെ അഭിഭാഷകനായ സമർഥ് സിങ്ങുമായി അഞ്ചുമാസം മുൻപായിരുന്നു ട്വിഷയുടെ വിവാഹം.
വിവാഹത്തിന് ശേഷം ട്വിഷയുടെ പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപങ്ങൾ തങ്ങളുടെ പേരിലേക്ക് മാറ്റാൻ ഭർത്താവ് സമർഥും ജഡ്ജി കൂടിയായ ഭർതൃമാതാവും നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു. അടുത്തിടെ ഗർഭിണിയായ ട്വിഷയെ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും ഇത് മകളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി ട്വിഷ അമ്മയെ വിളിച്ച് താൻ അനുഭവിക്കുന്ന ക്രൂരതകൾ പറയുന്നതിനിടെ ഭർത്താവ് മുറിയിലേക്ക് വരികയും ഫോൺ കട്ടാവുകയുമായിരുന്നു. പിന്നീട് വീട്ടുകാർ തിരിച്ചുവിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. തുടർന്ന് ഭർതൃമാതാവിനോട് മുറി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ ഫോൺ കട്ട് ചെയ്യുകയായിരുന്നു. അഞ്ച് മിനിറ്റിന് ശേഷമാണ് ട്വിഷ തൂങ്ങിമരിച്ച വിവരം ഭർതൃവീട്ടുകാർ കുടുംബത്തെ അറിയിക്കുന്നത്.
യുവതിയുടെ ശരീരത്തിൽ ചില മുറിവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒരാഴ്ച മുൻപ് ഗർഭഛിദ്രം നടന്നതായും പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. മരണകാരണം പൂർണ്ണമായി വ്യക്തമാകുന്നതിനായി യുവതിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഡിഎൻഎ (DNA) സാമ്പിളുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
News Summary: A 33-year-old woman identified as Tvisha Sharma from Noida was found dead under mysterious circumstances at her in-laws’ house in Bhopal, just five months after her marriage to a local lawyer, Samarth Singh. Tvisha’s parents have leveled serious allegations against her husband and her mother-in-law, who is a serving judge. They alleged that the duo constantly harassed Tvisha for her ₹20 lakh share investments and recently forced her into an abortion, leaving her traumatized. On the night of the incident, Tvisha was narrating her ordeal to her mother over the phone when the call was abruptly cut. Minutes later, the family was informed of her death. The post-mortem report confirmed signs of a recent abortion and external injuries on her body. The police have collected DNA samples and sent viscera for forensic analysis to probe further.

