മുംബൈ: ബോളിവുഡ് നടിയും ഇറാനിയൻ വംശജയുമായ മന്ദാന കരിമി ഇന്ത്യ വിടുന്നു. കഴിഞ്ഞ 16 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന താരം, തന്റെ ‘രണ്ടാം വീടിനോട്’ വിടപറയുകയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു (Mandana Karimi Leaves India). ഇൻസ്റ്റാഗ്രാമിലെ ‘ആസ്ക് മീ എനിതിങ്’ സെഷനിലാണ് താരം ഈ വൈകാരികമായ വാർത്ത പങ്കുവെച്ചത്.
മുംബൈ പൂർണ്ണമായും വിടുകയാണോ എന്ന ആരാധകന്റെ ചോദ്യത്തിന്, വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മന്ദാന മറുപടി നൽകിയത്. “ഗുഡ്‌ബൈ ഇന്ത്യ എന്ന് പറയേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ല” എന്ന് താരം കുറിച്ചു. സുരക്ഷാ കാരണങ്ങളാലാണ് ഇന്ത്യ വിടുന്നതെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ വിഷയത്തിൽ താൻ നടത്തിയ പരസ്യമായ പ്രതികരണങ്ങളും നിലപാടുകളും കാരണം തനിക്ക് നിരന്തരം വധഭീഷണികൾ ലഭിക്കാറുണ്ടായിരുന്നുവെന്ന് മന്ദാന വെളിപ്പെടുത്തി.
സുഹൃത്തുക്കളിൽ നിന്നോ സർക്കാരിൽ നിന്നോ മാധ്യമങ്ങളിൽ നിന്നോ തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും അതുകൊണ്ട് തന്നെ ഇന്ത്യ ഇപ്പോൾ സ്വന്തം വീടായി തോന്നുന്നില്ലെന്നും താരം പറഞ്ഞു. തന്റെ പോരാട്ടം തന്റെ ജനതയ്ക്കും ഇറാനും വേണ്ടിയാണെന്നും താരം കൂട്ടിച്ചേർത്തു. നെറ്റ്ഫ്ലിക്സ് ചിത്രമായ ‘താർ’ ആണ് മന്ദാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പുതിയൊരു രാജ്യത്ത്, പുതിയൊരു വീട്ടിൽ തന്റെ ജീവിതം ആരംഭിക്കുകയാണെന്നും താരം ആരാധകരെ അറിയിച്ചു.
Summary: Actor Mandana Karimi has left India after 16 years, citing security concerns and constant death threats due to her vocal activism regarding Iran. In an emotional Instagram post, she called India her “second home” but expressed disappointment over the lack of support from friends and authorities. Mandana, last seen in the film ‘Thar’, is now moving to a new country for a fresh start.

