കുമളി: കേരള-തമിഴ്‌നാട് അതിർത്തിയിലെ പ്രശസ്തമായ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ ചിത്രാപൗർണമി ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് ആറ് പേർക്ക് പരിക്ക് (Mangaladevi Temple Festival). പരിക്കേറ്റവരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇവരെ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഉത്സവം കണ്ട് മടങ്ങുകയായിരുന്ന തീർത്ഥാടകർക്കും ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കുമാണ് ഒൻപതാം വളവ് എന്ന ഭാഗത്ത് വെച്ച് മിന്നലേറ്റത്. ഒൻപതാം വളവിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരൻ മിന്നലേറ്റ ആഘാതത്തിൽ തെറിച്ചുവീണു. ഇദ്ദേഹത്തിന്റെ കൈയ്ക്ക് ഒടിവുണ്ട്.
അപകടം നടന്നയുടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റി. ഉത്സവത്തോടനുബന്ധിച്ച് മലമുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു മഴയും മിന്നലും ഉണ്ടായത്. പരിക്കേറ്റവർ നിലവിൽ നിരീക്ഷണത്തിലാണ്.
Story Summary: Six people, including a police officer, were injured by lightning during the Chitra Pournami festival at the Mangaladevi Temple on the Kerala-Tamil Nadu border. The incident occurred at the ‘9th Curve’ (Onpatham Valavu) as devotees were returning from the temple amidst heavy rain. The injured were shifted to Kumily Government Hospital; their conditions are stable.

