താമരശ്ശേരി: പ്രണയവിവാഹത്തിന് കോടതി അനുമതി നൽകിയതിന് പിന്നാലെ കോടതിക്ക് മുന്നിൽ പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. മുക്കം ചെറുവാടിയിൽ നിന്നും കാണാതായ നിദ ഷെറിൻ (20) നെ കോടതിയിൽ ഹാജരാക്കി മടങ്ങിയപ്പോഴാണ് നടുറോഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ നാലാം തീയതി രാത്രി മുതൽ നിദയെ കാണാനില്ലെന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇന്ന് രാവിലെ നിദ തന്റെ കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ താമരശ്ശേരി കോടതിയിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ നിദ, തനിക്ക് ഷാമിലിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കിയതോടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി.
കോടതിക്ക് പുറത്തിറങ്ങിയ നിദയെ, നിക്കാഹ് നടത്തിത്തരാമെന്ന് വിശ്വസിപ്പിച്ച് ബന്ധുക്കൾ തങ്ങളുടെ കാറിനടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇത് തടയാൻ ഷാമിൽ ശ്രമിച്ചതോടെ ഇരുവിഭാഗങ്ങളും തമ്മിൽ റോഡിൽ വെച്ച് ഏറ്റുമുട്ടി.
സംഘർഷത്തിനിടയിൽ ഷാമിലിന്റെ സുഹൃത്തുക്കൾ ഇടപെടുകയും നിദയെ മറ്റൊരു കാറിൽ കയറ്റി സംഭവസ്ഥലത്തുനിന്ന് മിന്നൽവേഗത്തിൽ കൊണ്ടുപോവുകയും ചെയ്തു.
അപ്രതീക്ഷിതമായി നടന്ന ഈ സംഘർഷം കണ്ട് നാട്ടുകാരും യാത്രക്കാരും പകച്ചുനിന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പ്രദേശത്ത് നിലവിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Story Summary:
A violent clash broke out in front of the Thamarassery court between the relatives of a young woman and the friends of her partner. Nida Sherin (20), who was reported missing from Mukkam, appeared in court with her partner Shamil and expressed her wish to live with him. After the court granted permission, her relatives tried to forcibly take her away under the pretext of conducting a marriage ceremony. This led to a brawl on the road, during which Shamil’s friends managed to whisk the woman away in their car.

