കോവളം: കോവളം പെരിങ്ങമല മാവുവിളയിൽ നിയന്ത്രണം വിട്ട കാർ റോഡിന് താഴെയുള്ള വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞുവീണു (Kovalam Car Accident Peringamala). വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗമായ സിന്ധുവിന്റെ വീട്ടുമുറ്റത്താണ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ അപകടം നടന്നത്. വീട്ടുമുറ്റത്തുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
മുകളിലെ റോഡിലൂടെ പോവുകയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി താഴെയുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. കാർ മറിഞ്ഞുവരുന്നത് കണ്ട ഉടൻ വീട്ടുമുറ്റത്തുണ്ടായിരുന്നവർ നിലവിളിച്ചുകൊണ്ട് ഓടി മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല. വലിയൊരു ദുരന്തമാണ് ഇവിടെ ഒഴിവായത്. വീഴ്ചയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.
അപകടത്തിന് പിന്നാലെ കാറോടിച്ചിരുന്ന ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി വീട്ടുകാർ അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കാർ ഓടിച്ചിരുന്ന ആളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
A car lost control and overturned into the courtyard of a house in Peringamala, Kovalam, on Friday evening. The house belongs to Sindhu, a CDS member of Venganoor Grama Panchayat. Those in the courtyard escaped unhurt as they managed to run away just in time. The front portion of the car was completely destroyed. The driver fled the scene immediately after the accident, and the police have initiated an investigation to locate the person.

