മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് യമുനാ നദിയിൽ മറിഞ്ഞ് പത്ത് പേർ മരിച്ചു (Mathura Boat Accident Yamuna River). പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വൃന്ദാവനിലെ പ്രശസ്തമായ ബങ്കെ ബിഹാരി ക്ഷേത്രത്തിന് സമീപമുള്ള കേശി ഘട്ടിലായിരുന്നു അപകടം. മുപ്പതോളം തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബോട്ട് പുഴയ്ക്ക് കുറുകെയുള്ള പോണ്ടൂൺ പാലത്തിൽ (താല്ക്കാലിക പാലം) ഇടിച്ചാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബോട്ട് നിമിഷങ്ങൾക്കുള്ളിൽ തലകീഴായി മറിയുകയായിരുന്നു.
15 പേർക്ക് മാത്രം കയറാൻ ശേഷിയുള്ള ബോട്ടിൽ അതിന്റെ ഇരട്ടിയിലധികം ആളുകളെ കയറ്റിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്.
അപകടസമയത്ത് മണിക്കൂറിൽ 31 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റും ഒഴുക്കും ബോട്ടിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമായി.
അപകടത്തിൽപ്പെട്ട 17-ഓളം പേരെ എൻ.ഡി.ആർ.എഫും പോലീസും ചേർന്ന് സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അപകടം നടന്ന ഉടൻ ബോട്ട് ഓടിച്ചിരുന്ന ആൾ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യാത്രക്കാർ ആരും തന്നെ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല എന്നത് മരണസംഖ്യ ഉയരാൻ ഇടയാക്കി.
മഥുരയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി.
Story Summary:
Ten pilgrims from Ludhiana, Punjab, including seven women, drowned after a boat capsized in the Yamuna River near Keshi Ghat in Mathura on Friday. The boat, carrying double its capacity of 30 passengers, hit a pontoon bridge and overturned due to strong winds. While 17 people were rescued by NDRF and local divers, a search is ongoing for the missing. Prime Minister Narendra Modi expressed condolences, and CM Yogi Adityanath directed officials to provide relief and compensation to the victims’ families.

