തിരുവനന്തപുരം: മൂന്നാഴ്ച നീണ്ടുനിന്ന വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സംസ്ഥാനത്ത് ആവേശകരമായ സമാപ്തി (Kerala Election Final Campaign 2026). നാടും നഗരവും രാഷ്ട്രീയ മുദ്രാവാക്യങ്ങളാലും പ്രകടനങ്ങളാലും മുഖരിതമായ മണിക്കൂറുകൾക്കൊടുവിൽ ഇന്ന് വൈകിട്ട് 6 മണിയോടെ പരസ്യപ്രചാരണത്തിന് തിരശീല വീണു. ഇനി വോട്ടർമാരുടെ മനസ്സ് തേടിയുള്ള നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്.
ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമായി മുന്നണികൾ കൊട്ടിക്കലാശം പൂരപ്പറമ്പാക്കി മാറ്റി. ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളും പ്രവർത്തകരും അണിനിരന്ന റാലികൾ ശക്തിപ്രകടമായി മാറി. തിരുവനന്തപുരം മണ്ഡലത്തിലെ പേരൂർക്കടയിലായിരുന്നു ഇക്കുറിയും ഏറ്റവും വാശിയേറിയ കൊട്ടിക്കലാശം നടന്നത്. പ്രധാന മൂന്ന് സ്ഥാനാർത്ഥികളും ക്രെയിനിലേറിയാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്.
ഏകദേശം 2.71 കോടി വോട്ടർമാരാണ് ഇക്കുറി കേരളത്തിന്റെ വിധി നിർണ്ണയിക്കുന്നത്.മറ്റന്നാൾ (ഏപ്രിൽ 9) രാവിലെ മുതൽ വോട്ടെടുപ്പ് ആരംഭിക്കും. അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കണമെന്ന് ജനങ്ങൾ ഈ പോളിംഗ് ബൂത്തുകളിൽ തീരുമാനിക്കും.
പരസ്യപ്രചാരണം അവസാനിച്ചതോടെ പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകർ മണ്ഡലം വിട്ടു പോകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്.
Story Summary:
The high-decibel public campaign for the Kerala Assembly elections concluded at 6 PM today with massive roadshows and ‘Kottikkalasham’ across the state. In Thiruvananthapuram, candidates like V.K. Prasanth, R. Sreelekha, and K. Muraleedharan led spectacular rallies at Peroorkada. The state now enters a 48-hour silence period before 2.71 crore voters cast their ballots the day after tomorrow to decide the next government.

