മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ തൊക്കോട്ടു ഫ്ലൈഓവറിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അതിക്രൂരമായ കൊലപാതകം നടന്നത് (Mangalore Thokkottu Flyover Murder News). ഉള്ളാൾ ഉച്ചില മുള്ളുഗുഡ്ഡെ നിവാസിയായ ടാബ്‌ലെറ്റ് ആരിഫ് എന്ന ആരിഫ് ഹുസൈനാണ് മരിച്ചത്. ബുള്ളറ്റിൽ മംഗളൂരുവിലേക്ക് മീൻ കച്ചവടത്തിനായി പോകുമ്പോഴായിരുന്നു ആക്രമണം.കാറിൽ കാത്തുനിന്ന അക്രമി സംഘം ഫ്ലൈഓവറിൽ വെച്ച് ആരിഫിന്റെ ബൈക്ക് തടയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ആരിഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
2022 മെയ് മാസത്തിൽ ആരിഫിന് നേരെ കൊലപാതക ശ്രമം നടന്നിരുന്നു. അന്ന് ടോപ്പി നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘം ബജാലിന് സമീപം വെച്ച് ആരിഫിനെ ആക്രമിച്ചിരുന്നെങ്കിലും അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഈ പഴയ വൈരാഗ്യമാണോ പുതിയ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.കുദ്രോളി സ്വദേശിയായ ആരിഫ് കഴിഞ്ഞ ഏഴ് വർഷമായി മുള്ളുഗുഡ്ഡെയിലാണ് താമസം. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.
മംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മിഥുന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. അക്രമികൾ സഞ്ചരിച്ചതെന്ന് കരുതുന്ന കാർ വെള്ളിയാഴ്ച വൈകിട്ടോടെ വിട്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുഡോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Short Story Summary:
Arif Hussain (42), a fish trader from Ullal, was hacked to death by a gang on the Thokkottu flyover in Mangaluru early Friday morning. The attackers, who arrived in a car, intercepted his bike at around 3:30 AM. Arif had previously survived a murder attempt in 2022. While police have recovered the abandoned getaway car in Budoli, a manhunt is underway for the suspects involved in the planned attack.

