കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് കരിനിഴൽ വീഴ്ത്തി അധികൃതർ തമ്മിലുള്ള തർക്കം (India vs Hong Kong AFC Asian Cup Qualifier Kochi). സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ട 25 ലക്ഷം രൂപ മുഴുവനായി അടയ്ക്കാതെ സ്റ്റേഡിയം വിട്ടുനൽകില്ലെന്ന കർശന നിലപാടിലാണ് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (GCDA). ഇതോടെ മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനം പോലും തടസ്സപ്പെട്ടു. മാർച്ച് 31 നാണ് മത്സരം നടക്കേണ്ടത്.
അതേസമയം , സ്റ്റേഡിയം വാടകയായ 3,54,000 രൂപ കേരള ഫുട്ബോൾ അസോസിയേഷൻ (KFA) അടച്ചിട്ടുണ്ടെങ്കിലും, 25 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാൻ കെ.എഫ്.എ സാവകാശം തേടി. എന്നാൽ പണമടയ്ക്കാതെ ഒത്തുതീർപ്പിനില്ലെന്ന് ജി.സി.ഡി.എ വ്യക്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം ജി.സി.ഡി.എ അനുവദിച്ചില്ല. ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ, മലയാളി താരങ്ങളായ ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൾ സമദ്, ബിജോയ് വർഗീസ് എന്നിവർ സ്റ്റേഡിയത്തിൽ എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു.
കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താസമ്മേളനവും സമാനമായ രീതിയിൽ ജി.സി.ഡി.എ തടഞ്ഞിരുന്നു. അന്ന് പരിശീലകൻ ഡേവിഡ് കറ്റാലയെയും താരം റൗളിൻ ബോർഗസിനെയും വാർത്താസമ്മേളന മുറിയിൽ നിന്ന് ഇറക്കിവിട്ടത് വലിയ വിവാദമായിരുന്നു. നിലവിൽ ഇന്ത്യൻ ദേശീയ ടീമിനോടും സമാനമായ സമീപനം സ്വീകരിച്ചത് കായിക പ്രേമികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മാർച്ച് 31-ന് മത്സരം നടക്കാനിരിക്കെ, ഡെപ്പോസിറ്റ് തുകയുടെ കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ അന്താരാഷ്ട്ര മത്സരത്തിന്റെ നടത്തിപ്പ് തന്നെ അവതാളത്തിലായേക്കും.
Short Story Summary:
The upcoming India vs. Hong Kong AFC Asian Cup qualifier at Kaloor Stadium faces uncertainty as GCDA refused stadium access to the Indian team for a press meet due to unpaid security deposits. While KFA paid the rent, GCDA is firm on receiving the full ₹25 lakh deposit. Indian coach Khalid Jamil and players Sahal Abdul Samad and Ashique Kuruniyan were blocked from entering the stadium on Thursday.

