തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു (Thiruvallam Parasurama Temple News). മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റായ ഇയാൾ, നാട്ടുകാർ തടഞ്ഞുവെച്ചതോടെ കൈവശമുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തും കൈത്തണ്ടയും മുറിക്കുകയായിരുന്നു.
ക്ഷേത്രത്തിന് സമീപത്തെ ഗണപതി വിഗ്രഹത്തിന് മുന്നിൽ വെച്ചാണ് ഇയാൾ മോശമായി പെരുമാറിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ കടന്നുപോകുമ്പോഴായിരുന്നു ഇയാളുടെ പ്രകോപനപരമായ പ്രവർത്തികൾ. ക്ഷേത്രം ജീവനക്കാരും ഭക്തരും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസിനെ ഭയന്ന് ഇയാൾ തന്റെ പോക്കറ്റിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എടുത്ത് കഴുത്തിലും വലത് കൈത്തണ്ടയിലും ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
രക്തം വാർന്ന് അവശനിലയിലായ ഇയാളെ തിരുവല്ലം പോലീസ് ഉടൻ തന്നെ ആംബുലൻസ് വരുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾ ചികിത്സയിലാണ്.
സംഭവത്തിൽ ഇയാൾക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
News Summary:
A medical college hospital employee was booked by the Thiruvallam police after he allegedly indulged in an obscene act in front of devotees at the Sree Parasurama Swami Temple. When temple staff and locals intercepted him on Monday morning, the man, identified as a nursing assistant, slit his throat and wrist using a surgical blade he had in his pocket. He was rushed to the Medical College Hospital by the police, where he underwent surgery and is currently receiving treatment. The police have registered a case against him for public obscenity and attempted self-harm.

