തിരുവനന്തപുരം: ഹൃദയസംബന്ധമായ അതീവ ഗുരുതരമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിനി ദിയ (10) ഇനി പുതിയ ഹൃദയവുമായി ജീവിതത്തിലേക്ക് മടങ്ങുന്നു (KIMSHEALTH Heart Transplant). കിംസ്ഹെൽത്ത് ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ദിയയ്ക്ക് ഹൃദയം മാറ്റിവെച്ചത്. മസ്തിഷ്ക മരണം സംഭവിച്ച 36 വയസ്സുകാരന്റെ ഹൃദയമാണ് ദിയയ്ക്ക് ലഭിച്ചത്.
ജനനം മുതൽ ദിയയെ വേട്ടയാടിയിരുന്ന ‘റിസ്ട്രിക്ടീവ് കാർഡിയോമയോപതി’ (Restrictive Cardiomyopathy) എന്ന അപൂർവ്വ രോഗത്തിനായിരുന്നു ശസ്ത്രക്രിയ. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കഴിയാത്ത ഈ അവസ്ഥ ദിയയുടെ ശ്വാസകോശത്തിലും ഉയർന്ന സമ്മർദ്ദമുണ്ടാക്കിയിരുന്നു.
പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സൗമ്യ രമണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് മൂന്നര മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തയ്യാറായതാണ് ദിയയ്ക്ക് തുണയായത്.ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാഴ്ചയോളം നിരീക്ഷണത്തിലായിരുന്ന ദിയ ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ്. ചിത്രരചനയിലേക്കും വായനയിലേക്കും മടങ്ങിയ ദിയ വൈകാതെ ആശുപത്രി വിടും.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അവയവമാറ്റ ശസ്ത്രക്രിയാ രംഗത്തുള്ള കിംസ്ഹെൽത്തിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണിതെന്ന് ചെയർമാൻ ഡോ. എം.ഐ. സഹദുള്ള പറഞ്ഞു.
News Summary:
KIMSHEALTH Trivandrum successfully performed its first heart transplant on 10-year-old Diya from Kollam, marking a major milestone as the first such procedure in South Kerala’s private healthcare sector. Diya suffered from Restrictive Cardiomyopathy, a rare condition that severely impaired her heart’s pumping capacity. The complex 3.5-hour surgery was led by Dr. Soumya Ramanan (Senior Consultant, Pediatric Cardiac Surgery). The life-saving organ was donated by a 36-year-old brain-dead patient at Trivandrum Medical College. Following a successful recovery, Diya is now stable and preparing to return to her normal life.

