കേരളത്തിലെ പെന്തക്കോസ്ത് വിഭാഗങ്ങളെ ഒരു പ്രത്യേക ക്രൈസ്തവ സഭാ വിഭാഗമായി (Christian Church Denomination) അംഗീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിവിധ പെന്തക്കോസ്ത് സഭകളിൽപ്പെട്ട വിശ്വാസികൾക്ക് ഔദ്യോഗിക രേഖകളിൽ ‘പെന്തക്കോസ്ത്’ എന്ന് രേഖപ്പെടുത്താൻ ഇനി നിയമപരമായ തടസ്സമുണ്ടാകില്ല (Kerala Pentecostal Church Recognition).
ഇതിനുമുമ്പ് ഔദ്യോഗിക രേഖകളിൽ ‘ക്രിസ്ത്യൻ’ എന്ന് മാത്രമേ രേഖപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതൽ അത് ‘ക്രിസ്ത്യൻ – പെന്തക്കോസ്ത്’ എന്ന് രേഖപ്പെടുത്താൻ സാധിക്കും. സർക്കാർ ആനുകൂല്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി വില്ലേജ് ഓഫീസുകളിൽ നിന്നും മറ്റും ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ പെന്തക്കോസ്ത് എന്ന് രേഖപ്പെടുത്താൻ ഇതുവഴി സാധിക്കും.
വർഷങ്ങളായി പെന്തക്കോസ്ത് വിശ്വാസികളും സഭാ നേതൃത്വങ്ങളും ഉന്നയിച്ചു വന്നിരുന്ന ആവശ്യമാണിത്. വിവിധ പെന്തക്കോസ്ത് കൗൺസിലുകളുടെ നിവേദനത്തെ തുടർന്നാണ് സർക്കാർ നടപടി. സഭാ വിശ്വാസികൾക്ക് വിവാഹ രജിസ്ട്രേഷൻ, സ്കോളർഷിപ്പുകൾ, മറ്റു സർക്കാരിതര ആനുകൂല്യങ്ങൾ എന്നിവ നേടുന്നത് ഈ ഉത്തരവിലൂടെ എളുപ്പമാകും. പ്രത്യേകിച്ചും എസ്.സി/എസ്.ടി വിഭാഗങ്ങളിൽ നിന്ന് മതം മാറിയവർ നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങൾക്ക് പരിഹാരമാകും.

