ഡാർജിലിംഗിൽ നടന്ന ഒമ്പതാമത് അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിലെ ക്രമീകരണങ്ങളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രംഗത്തെത്തി (President Droupadi Murmu Bengal Visit). സമ്മേളനത്തിന്റെ വേദി മാറ്റിയതും തന്നെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താത്തതും ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതി അതീവ ദുഃഖം രേഖപ്പെടുത്തിയത്.
സമ്മേളനം ആദ്യം നിശ്ചയിച്ചിരുന്ന ഫാൻസിദേവയിൽ (Phansidewa) നിന്ന് ബാഗ്ഡോഗ്രയ്ക്ക് സമീപമുള്ള ചെറിയൊരു ഇടത്തേക്ക് മാറ്റിയതിനെ രാഷ്ട്രപതി ചോദ്യം ചെയ്തു. യഥാർത്ഥ വേദിയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് പങ്കെടുക്കാമായിരുന്നുവെന്നും എന്നാൽ പുതിയ വേദി ദൂരെയുള്ളതിനാൽ പലർക്കും എത്താൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
സാധാരണയായി രാഷ്ട്രപതി ഒരു സംസ്ഥാനം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്വീകരിക്കാൻ എത്താറുണ്ട്. എന്നാൽ സിലിഗുരി മേയർ മാത്രമാണ് തന്നെ സ്വീകരിക്കാൻ എത്തിയതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. “മമത എനിക്ക് അനിയത്തിയെപ്പോലെയാണ്, അവർക്ക് എന്നോട് എന്തിനാണ് ഇത്ര ദേഷ്യം?” എന്ന് രാഷ്ട്രപതി സമ്മേളനത്തിനിടെ ചോദിച്ചു.
അതേസമയം , പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ഗൗരവമായി എടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിശദമായ റിപ്പോർട്ട് നൽകാൻ ബംഗാൾ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. രാഷ്ട്രപതിക്ക് നൽകിയ ശൗചാലയത്തിൽ വെള്ളം പോലുമില്ലായിരുന്നുവെന്ന ഗുരുതരമായ ആരോപണവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്.
ബംഗാൾ സർക്കാർ എല്ലാ അതിർവരമ്പുകളും ലംഘിച്ചുവെന്നും രാഷ്ട്രപതിയെ അപമാനിച്ചത് അങ്ങേയറ്റം ലജ്ജാകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഗോത്രവർഗ്ഗക്കാരോടുള്ള ബിജെപിയുടെ അവഗണനയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
എന്നാൽ താൻ ബിജെപിക്കെതിരെയുള്ള സമരത്തിലാണെന്നും ബിജെപിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്നും മമത ബാനർജി മറുപടി നൽകി. മറ്റ് സംസ്ഥാനങ്ങളിൽ ആദിവാസികൾക്കെതിരെ അതിക്രമങ്ങൾ നടന്നപ്പോൾ രാഷ്ട്രപതി എന്തുകൊണ്ട് മിണ്ടിയില്ലെന്നും മമത ചോദിച്ചു.

