പ്യോങ്‌യാങ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ കടലിൽ പുതിയ പടക്കപ്പൽ പരീക്ഷിച്ച് ഉത്തര കൊറിയ (North Korea cruise missile test 2026). 5000 ടൺ ഭാരമുള്ള ‘ച്യോ ഹ്യോൻ’ എന്ന യുദ്ധക്കപ്പലിൽ നിന്ന് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചു. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത്.
നാംപോ ഷിപ്പ്‌യാർഡിൽ വെച്ച് നടന്ന പരീക്ഷണത്തിൽ കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന (Sea-to-Land) മിസൈലുകളാണ് വിക്ഷേപിച്ചത്. പുതിയ യുദ്ധക്കപ്പലിനെ രാജ്യത്തിന്റെ ‘കടൽ പ്രതിരോധത്തിന്റെ പുതിയ അടയാളം’ എന്നാണ് കിം വിശേഷിപ്പിച്ചത്. നാവികസേനയിൽ ആണവായുധങ്ങൾ സജ്ജീകരിക്കുന്നതിൽ രാജ്യം വലിയ പുരോഗതി കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ത്തര കൊറിയ ‘തന്ത്രപ്രധാനം’ എന്ന് വിശേഷിപ്പിച്ചത് ഈ മിസൈലുകൾക്ക് ആണവശേഷിയുണ്ടെന്ന സൂചനയാണെന്ന് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികൾ വിലയിരുത്തുന്നു.
2025 മേയ് മാസത്തിൽ സമാനമായ മറ്റൊരു യുദ്ധക്കപ്പൽ നീറ്റിലിറക്കുന്നതിനിടെ അപകടത്തിൽപ്പെട്ടിരുന്നു. അന്ന് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ച കിം ജോങ് ഉൻ, ആ പരാജയത്തെ ഒരു ‘ക്രിമിനൽ പ്രവൃത്തി’യായാണ് വിശേഷിപ്പിച്ചത്. ആ സംഭവത്തിന് ശേഷം അതീവ ജാഗ്രതയോടെയാണ് പുതിയ പടക്കപ്പലിന്റെ നിർമ്മാണവും പരീക്ഷണവും പൂർത്തിയാക്കിയതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (KCNA) റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലുകൾക്കിടയിൽ ഉത്തര കൊറിയ നടത്തുന്ന ഈ നീക്കം മേഖലയിൽ പുതിയ പ്രതിരോധ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Story Summary:
Amidst the ongoing US-Israel-Iran conflict, North Korea has boosted its naval power by testing cruise missiles from its new 5000-ton warship, ‘Chyo Hyon’. Dictator Kim Jong Un personally supervised the test at Nampo Shipyard. Kim hailed the vessel as a new symbol of maritime defense and claimed progress in equipping the navy with nuclear weapons. This comes after a previous shipbuilding failure in May 2025, which Kim had sternly criticized.

