മുംബൈ: ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റ് ഡാൻസ് നമ്പറുകളിൽ ഒന്നായ ‘ചിക്നി ചമേലി’ (അഗ്നീപഥ്) പോലെയുള്ള ഗാനങ്ങൾ ഇനി താൻ റെക്കോർഡ് ചെയ്യില്ലെന്ന് ഗായിക ശ്രേയ ഘോഷാൽ (Shreya Ghoshal Chikni Chameli interview). ഒരു പോഡ്കാസ്റ്റിനിടെയാണ് മുൻപ് നടത്തിയ പരാമർശങ്ങളിൽ താരം കൂടുതൽ വ്യക്തത വരുത്തിയത്. സ്ത്രീകളെ വെറും വസ്തുവായി കാണുന്ന (Objectification) വരികളുള്ള ഗാനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് തന്റെ തീരുമാനമെന്ന് ശ്രേയ പറഞ്ഞു.
മാറിയ തീരുമാനത്തിന് പിന്നിൽ
ചിക്നി ചമേലി പാടുന്ന സമയത്ത് ആ വരികളുടെ അർത്ഥം പൂർണ്ണമായി മനസ്സിലാക്കാനുള്ള പക്വത തനിക്കുണ്ടായിരുന്നില്ലെന്ന് ശ്രേയ തുറന്നുസമ്മതിച്ചു.
“ആ പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ അതിന്റെ അർത്ഥം പൂർണ്ണമായി ഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ എന്താണ് പാടുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധാലുവാണ്,” ശ്രേയ പറഞ്ഞു.
ഒരു ഗാനം ഹിറ്റായാൽ അത് എല്ലാ പ്രായത്തിലുള്ളവർക്കും മുന്നിൽ പാടേണ്ടി വരും. അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികൾ ഇത്തരം വരികൾ പാടി നടക്കുന്നത് തന്നെ അസ്വസ്ഥയാക്കുന്നുണ്ടെന്നും ലില്ലി സിംഗുമായുള്ള അഭിമുഖത്തിൽ ശ്രേയ സൂചിപ്പിച്ചു.
ചിക്നി ചമേലിക്ക് ശേഷം സമാനമായ രീതിയിലുള്ള നിരവധി ഐറ്റം നമ്പറുകൾ തന്നെ തേടിയെത്തിയെങ്കിലും അവയെല്ലാം നിരസിച്ചതായും ശ്രേയ വെളിപ്പെടുത്തി.
തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് അന്ന് പാടിയതെന്നും എന്നാൽ ഭാവിയിൽ അത്തരം വരികൾ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ബോധവതിയായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ശ്രേയയുടെ ഈ നിലപാടിന് വലിയ പിന്തുണയാണ് സംഗീത പ്രേമികൾക്കിടയിൽ നിന്ന് ലഭിക്കുന്നത്.
Story Summary:
Renowned singer Shreya Ghoshal has clarified her decision to stop recording item numbers like ‘Chikni Chameli’. In a recent podcast, she explained that when she recorded the hit track for the movie ‘Agneepath’, she didn’t fully grasp the maturity or meaning of the lyrics. Shreya expressed discomfort seeing young children sing songs with suggestive lyrics and stated that she now avoids songs that objectify women.

