ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആലപ്പുഴ ജില്ലാ ഘടകത്തിന് തിരിച്ചടി (CPM Alappuzha Candidate List 2026). കായംകുളത്ത് യു. പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ. നാസറിനെയോ കെ.എച്ച്. ബാബുജാനെയോ പരിഗണിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം നിരസിച്ചു. വിജയസാധ്യതയും സാമുദായിക സന്തുലനവും കണക്കിലെടുത്ത് നിലവിലെ എം.എൽ.എമാർ തന്നെ തുടരട്ടെയെന്നാണ് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം.
രണ്ടു തവണ പൂർത്തിയാക്കിയെങ്കിലും യു. പ്രതിഭയുടെ വിജയസാധ്യത തള്ളിക്കളയാനാവില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ അറിയിച്ചു. സാമുദായിക സമവാക്യങ്ങൾ പാലിക്കപ്പെടാൻ പ്രതിഭയും ദലീമയും സ്ഥാനാർത്ഥികളാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
എൻ.സി.പിയിൽ നിന്ന് കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന പ്രാദേശിക ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് തന്നെ അവിടെ മത്സരിക്കുമെന്നും ഘടകകക്ഷിയുടെ കാര്യത്തിൽ ഇടപെടുന്നത് ഉചിതമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിലെ സി.പി.എം സ്ഥാനാർത്ഥി പട്ടിക:
കായംകുളം: യു. പ്രതിഭ
അരൂർ: ദലീമ ജോജോ
ആലപ്പുഴ: പി.പി. ചിത്തരഞ്ജൻ
ചെങ്ങന്നൂർ: സജി ചെറിയാൻ
അമ്പലപ്പുഴ: എച്ച്. സലാം
മാവേലിക്കര: എം.എസ്. അരുൺകുമാർ
സീറ്റ് വിവാദത്തിന് അന്ത്യമായതോടെ കുട്ടനാട്ടിൽ എൽ.ഡി.എഫ് പ്രചാരണ സമിതി രൂപീകരിച്ചു. കെ.കെ. അശോകൻ സെക്രട്ടറിയും കെ. പ്രസാദ് ഇൻ-ചാർജുമായ സമിതിക്കാണ് പ്രചാരണ ചുമതല. തോമസ് കെ. തോമസിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി നീങ്ങാൻ മുഖ്യമന്ത്രി ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി.
Story Summary: CPM state leadership has rejected the Alappuzha district committee’s proposal to replace sitting MLAs. U. Pratibha will contest again from Kayamkulam, sidelining district secretary R. Nazar. Meanwhile, CM Pinarayi Vijayan directed the party to support NCP’s Thomas K. Thomas in Kuttanad, dismissing demands to take over the seat.

