തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതായി സൂചന (Maria Oommen Politics Entry). മധ്യതിരുവിതാംകൂറിലെ പ്രധാന സീറ്റുകളായ കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ എന്നിവിടങ്ങളിലേക്കാണ് മറിയയുടെ പേര് ഉയർന്നു കേൾക്കുന്നത്. ഔദ്യോഗികമായി സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കാൻ അവർ തയ്യാറായേക്കും.
ഉമ്മൻചാണ്ടിയുടെ പാത പിന്തുടർന്ന് ചാണ്ടി ഉമ്മനോടൊപ്പം മറിയയും സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. വിവിധ മത-സാമൂഹിക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
കുടുംബത്തിൽ നിന്ന് ഒരാൾ മാത്രം രാഷ്ട്രീയത്തിലുണ്ടാകണമെന്ന നിലപാടിലായിരുന്നു നേരത്തെ ചാണ്ടി ഉമ്മൻ. എന്നാൽ, ഉമ്മൻചാണ്ടിയുടെ രണ്ട് മക്കൾ മത്സരിക്കാൻ യോഗ്യരാണെന്ന് വരുന്നത് അഭിമാനകരമല്ലേ എന്ന ചാണ്ടി ഉമ്മന്റെ പുതിയ പ്രതികരണം മറിയയുടെ സ്ഥാനാർത്ഥിത്വത്തിന് പച്ചക്കൊടി കാട്ടുന്നതായാണ് കരുതുന്നത്.
കുടുംബത്തിനുള്ളിൽ ഭിന്നതയുണ്ടാകുമെങ്കിൽ മറിയയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യേണ്ടതില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ വിജയസാധ്യത പരിഗണിച്ച് ഹൈക്കമാൻഡ് ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഉമ്മൻചാണ്ടിയോടുള്ള വൈകാരിക ബന്ധം വോട്ടാക്കി മാറ്റാൻ മറിയയുടെ സാന്നിധ്യം സഹായിക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷ.
Story Summary: Speculations are rife within the Congress party about Maria Oommen, daughter of the late Oommen Chandy, contesting in the upcoming Kerala Assembly elections. Her name is being considered for the Kanjirappally and Chengannur seats. While her brother Chandy Oommen MLA previously preferred only one family member in active politics, his recent positive remarks suggest a change in stance.

