കൊൽക്കത്ത: ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തി (Sanju Samson 97 vs West Indies). ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ ലക്ഷ്യം, മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോർഡ് പ്രകടനത്തിന്റെ കരുത്തിൽ 19.2 ഓവറിൽ ഇന്ത്യ മറികടന്നു.
50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 12 ഫോറുകളും 4 സിക്സറുകളും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി റൺ ചേസിംഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സഞ്ജു സ്വന്തമാക്കിയത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത് (196). 2014-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 174 റൺസിന്റെ റെക്കോർഡാണ് പഴങ്കഥയായത്.
തിലക് വർമ്മ (27), സൂര്യകുമാർ യാദവ് (18), ഹാർദിക് പാണ്ഡ്യ (17) എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി. മാർച്ച് 5-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

